ഒന്നായി വീണ്ടും, യോഗവും എൻ.എസ്.എസും കൈകോർക്കുന്നു, ഐക്യം രാഷ്ട്രീയത്തിൽ അടിയൊഴുക്കാവും
# നിമിത്തമായത് വി.ഡി.സതീശന്റെ വിമർശനങ്ങൾ # ഐക്യം രാഷ്ട്രീയത്തിൽ അടിയൊഴുക്കാവും
#യോഗനേതൃത്വം 21 ന് ആലപ്പുഴയിൽ
വിഷയം ചർച്ച ചെയ്യും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രബല സമുദായ സംഘടനകളായ എസ്.എൻ.ഡി.പിയോഗവും എൻ.എസ്.എസും സമന്വയത്തിന്റെ പാതയിലേക്ക് എത്തുന്നത് കേരള രാഷ്ട്രീയത്തിൽ നിർണായകമാവുമെന്ന് വിലയിരുത്തൽ. ആർ.ശങ്കറും മന്നത്ത് പത്മനാഭനും തമ്മിലുള്ള കൂട്ടുകെട്ട് കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. സമാനമാണ് പുതിയ നീക്കമെന്നാണ് രാഷ്ടീയ വിലയിരുത്തൽ.
വി.ഡി.സതീശനോടുള്ള വിയോജിപ്പാണ് ഇരുനേതാക്കളും കൈകാേർക്കാൻ നിമിത്തമായതെങ്കിലും രണ്ട് സംഘടനകളും ഒരേമനസോടെ രംഗത്തിറങ്ങിയാൽ പ്രത്യാഘാതം എന്താവുമെന്ന ചങ്കിടിപ്പിലാണ് മൂന്നു മുന്നണികളും. ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ എൽ.ഡി.എഫിന് സന്തോഷം പകരുന്ന സംഭവവികാസമാണിത്. ഇടതുകേന്ദ്രത്തിന്റെ പിന്തുണ ഈ നീക്കത്തിനുണ്ടെന്നാണ് സൂചന.
യോഗ നേതൃത്വത്തിന്റെ മനസ് എൽ.ഡി.എഫിനൊപ്പമാണെന്ന് ഏറെക്കുറെ വ്യക്തമാണ്. രാഷ്ട്രീയകാര്യങ്ങളിൽ സമദൂരമെന്നാണ് ജി.സുകുമാരൻ നായർ പറയുന്നത്. എങ്കിലും, ഇരുവരും ആക്രമണത്തിന്റെ കുന്തമുന തിരിച്ചുവച്ചത് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേർക്കാണ്. സൗമ്യഭാഷയിൽ സതീശനും പ്രതികരിച്ചു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പെരുന്നയിലുമാണ് മാദ്ധ്യമങ്ങളെ കണ്ടത്. 21ന് ആലപ്പുഴയിൽ ചേരുന്ന എസ്.എൻ.ഡി.പി യോഗം ഭാരവാഹികളുടെയും ശാഖാ സെക്രട്ടറിമാരുടെയും യോഗം എൻ.എസ്.എസുമായുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.
വെള്ളാപ്പള്ളി നടേശൻ ഇന്നലെയും ലീഗിനെ കടന്നാക്രമിച്ചു. സുകുമാരൻനായരാവട്ടെ സതീശന് പുറമെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും വിമർശിച്ചു. പ്രലോഭിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള തന്ത്രമാണെന്നും ആ വലയിൽ വീഴില്ലെന്നുമാണ് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത്.
''ഇന്നലെ പൂത്ത തകരയാണ് വി.ഡി.സതീശൻ. നായർ-ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ ആനൂകൂല്യം പിടിച്ചു പറ്റാനില്ല
-വെള്ളാപ്പള്ളി നടേശൻ
''സതീശനെ അഴിച്ചുവിട്ടാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാവും. എസ്.എൻ.ഡി.പിയോഗം-എൻ.എസ്.എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്
-ജി.സുകുമാരൻനായർ
''സമുദായങ്ങൾ തമ്മിൽ ഭിന്നതയുണ്ടാവാൻ പാടില്ലെന്നതാണ് നിലപാട്. വ്യക്തിപരമായി ആർക്കും എന്നെ വിമർശിക്കാം. കഴമ്പുണ്ടെങ്കിൽ തിരുത്തും. സമുദായനേതാക്കളോട് അഭിപ്രായ വ്യത്യാസം പറയും.
-വി.ഡി.സതീശൻ
എൽ.ഡി.എഫ്
യോഗം ജനറൽ സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിത് വലിയ വിമർശനമാക്കിയതിന് പിന്നാലെ പ്രമുഖ സമുദായ സംഘടനകൾ കൈകോർക്കുന്നത് എൽ.ഡി.എഫിന് സന്തുഷ്ടി നൽകുന്നതാണ്. ആഗോള അയ്യപ്പസംഗമത്തോടെ എൻ.എസ്.എസും എൽ.ഡി.എഫിനോട് അടുത്തിട്ടുണ്ട്. സമദൂരം പറയുന്നെങ്കിലും കോൺഗ്രസിനെ പരോക്ഷമായി വിമർശിക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ. മറ്റു വിഭാഗങ്ങൾ എന്തുനിലപട് എടുക്കുമെന്നതിലാണ് ആശങ്ക.
യു.ഡി.എഫ്
സമുദായങ്ങളുടെ തിണ്ണ നിരങ്ങാനില്ലെന്ന് പ്രഖ്യാപിച്ച സതീശൻ സിനഡ് യോഗത്തിൽ പങ്കെടുത്തതിനെയാണ് സുകുമാരൻ നായർ വിമർശിച്ചത്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ സതീശന് എന്ത് അധികാരമെന്ന ചോദ്യം വലിയ മുനയുളളതാണ്.ചെന്നിത്തലയോ വേണുഗോപാലോ എ.കെ.ആന്റണിയോ തന്നെക്കുറിച്ച് പറയാത്ത കാര്യമാണ് സതീശൻ പറഞ്ഞതെന്ന വെള്ളാപ്പള്ളിയുടെ വാക്കുകളുമായി ചേർത്തു വായിക്കുമ്പോഴാണ് കോൺഗ്രസിന് ഉറക്കം പോകുന്നത്.
ബി.ജെ.പിക്ക് മൗനം
ബി.ജെ.പി നേതൃത്വം പ്രതികരിച്ചിട്ടില്ല. തൃശൂർ പിടിച്ചപോലെ എൻ.എസ്.എസ് പിടിക്കാമെന്ന് കരുതേണ്ടതില്ലെന്ന് സുരേഷ് ഗോപിയെ ഉന്നമിട്ട് സുകുമാരൻ നായർ പറഞ്ഞത് നിലപാടിന്റെ പ്രതിഫലനമാണെന്ന് വ്യക്തം. യോഗവും എൻ.എസ്.എസും ഒരുമിക്കുന്നത് ബി.ജെ.പി നേതാവിന് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞുവച്ചു.