വയനാട് ഉരുൾപൊട്ടൽ: ധനസഹായം ആറുമാസത്തേക്ക് കൂടി
Monday 19 January 2026 12:00 AM IST
തിരുവനന്തപുരം: വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിതർക്ക് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നു നൽകിവരുന്ന ധനസഹായം ആറുമാസത്തേക്ക് കൂടിയോ വീടു നിർമ്മാണം പൂർത്തിയാകുംവരെയോ നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവായി. 656 പേർക്കാണ് സാമ്പത്തിക സഹായം നൽകിവരുന്നത്.
ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്ത് 10,11,12 വാർഡുകളിലെ കുടുംബങ്ങളിൽ രണ്ട് വ്യക്തികൾക്ക് പ്രതിദിനം 300 രൂപ വീതമാണ് നൽകിവരുന്നത്. കിടപ്പുരോഗികളുള്ള കുടുംബത്തിലെ ഒരാൾക്ക് കൂടി 300 രൂപ ലഭിക്കും. ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നേരത്തെ രണ്ടുതവണ ധനസഹായ കാലാവധി നീട്ടിയിരുന്നു.