ഹയർ സെക്കൻഡറി മാതൃകാ പരീക്ഷ സമയക്രമം; വിദ്യാർത്ഥികളെ വലയ്‌ക്കുമെന്ന് ആശങ്ക

Monday 19 January 2026 12:00 AM IST

കൊച്ചി: ഹയർ സെക്കൻഡറി മാതൃകാ പരീക്ഷയുടെ അശാസ്ത്രീയ സമയക്രമം വിദ്യാർത്ഥികളെ വലയ്ക്കുമെന്ന് അദ്ധ്യാപകർ. ആറു ദിവസം കൊണ്ട് പരീക്ഷകൾ പൂർത്തിയാക്കാൻ രാവിലെയും ഉച്ചയ്‌ക്കും എഴുതണം. മാർച്ചിൽ ആരംഭിക്കുന്ന പൊതുപരീക്ഷയുടെ മാതൃകാ പരീക്ഷയാണ് ഫെബ്രുവരി 16ന് ആരംഭിക്കുന്നത്. ഒരുദിവസം ഒരു പരീക്ഷയെന്ന രീതിയിൽ പ്ലസ് വണ്ണിന് രാവിലെയും പ്ലസ് ടുവിന് ഉച്ചയ്‌ക്കും നടത്തുന്നതായിരുന്നു രീതി. ഇതിനാൽ മുറികളിൽ മതിയായ കുട്ടികളെ ഇരുത്തി പരീക്ഷയെഴുതാൻ കഴിഞ്ഞു. എന്നാൽ,ഇത്തവണത്തെ ടൈംടേബിൾ പ്രകാരം ആറു വിഷയങ്ങൾ പഠിക്കുന്നവർ ഫെബ്രുവരി 16 മുതൽ 21 വരെ എല്ലാ പരീക്ഷകളും പൂർത്തിയാക്കണമെന്ന് അദ്ധ്യാപകർ പറയുന്നു.

ചില ദിവസങ്ങളിൽ ഒരേ കുട്ടികൾ രണ്ടു നേരം പരീക്ഷ എഴുതണം. പരീക്ഷാഹാളിൽ 50ലധികം കുട്ടികളെ ഉൾക്കൊള്ളിക്കേണ്ട സാഹചര്യമാണ്. 20ന് രാവിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് ഉപഭാഷ പരീക്ഷയായതിനാൽ എല്ലാ കുട്ടികൾക്കും എഴുതാൻ ഒരു ബെഞ്ചിൽ അഞ്ചും ആറും പേരെ ഇരുത്തേണ്ട അവസ്ഥയുണ്ടാകും.

പൊതുപരീക്ഷാ മാതൃകയിൽ പൊതുവായ ചോദ്യപ്പേപ്പർ ഉപയോഗിക്കുന്ന പരീക്ഷ പ്രഹസനമാക്കുന്ന ടൈംടേബിൾ തിരുത്തണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. രണ്ടു നേരം രണ്ടേ മുക്കാൽ മണിക്കൂർ നീളുന്ന പരീക്ഷകൾക്കും തയ്യാറെടുപ്പിനും ഓരോ കുട്ടിയും ആറു മണിക്കൂറിലധികം ചെലവഴിക്കേണ്ടി വരും. പ്രവൃത്തിദിനമല്ലാത്ത ശനിയാഴ്ചയും പരീക്ഷ നടത്തുന്നത് കുട്ടികൾക്ക് സമ്മർദ്ദം വർദ്ധിപ്പിക്കും. അദ്ധ്യാപക സംഘടനകളുമായി ആലോചിക്കാതെ ഉദ്യോഗസ്ഥർ ടൈംടേബിൾ നിശ്ചയിച്ചതാണ് വിനയായത്.

മതിയായ സമയം അനുവദിച്ച് മാതൃകാ പരീക്ഷ പുനഃക്രമീകരിക്കണം. വിദ്യാർത്ഥി സൗഹൃദമായും ഗുണപരമായും പരീക്ഷയെ മാറ്റണം.

കെ. വെങ്കിടമൂർത്തി (പ്രസിഡന്റ്),

അനിൽ എം. ജോർജ് (ജനറൽ സെക്രട്ടറി)

ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ