സച്ചുവിന്റെ വീട് നിർമ്മാണം ഒരു മാസത്തിനകം ആരംഭിക്കും : വിദ്യാഭ്യാസ വകുപ്പ്
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കേരളകൗമുദി വാർത്തയിലൂടെ സർക്കാർ പ്രഖ്യാപിച്ച കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺകാരൻ സച്ചുവിനുള്ള വീടിന്റെ നിർമ്മാണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് കേരളകൗമുദിയോട് പറഞ്ഞു. ഇന്നലെ തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ കമ്പല്ലൂരിലുള്ള സച്ചുവിന്റെ സർക്കാർ ഉന്നതിയിലെത്തി വിവരങ്ങൾ തേടി. സ്വന്തമായി വീടില്ലെന്നതും സ്ഥലം സംബന്ധിച്ച തർക്കവും ചോദിച്ചറിഞ്ഞ എം.എൽ.എ ഇക്കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രിയെ ധരിപ്പിച്ചു.
വീട് വയ്ക്കാനുള്ള സ്ഥലം കണ്ടെത്തി നൽകുന്നതിനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടുണ്ട്. സ്ഥലത്തിന്റെ തർക്കമാണ് ആദ്യം തീരുന്നതെങ്കിൽ അത് പരിഗണിക്കും. വെള്ളിയാഴ്ചയാണ് സച്ചുവിന്റെയും അമ്മയുടെയും ദുരിത ജീവിതം സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നാലെയാണ് കുട്ടിക്ക് 15 ലക്ഷത്തിന്റെ വീട് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും സ്ഥലം സൗജന്യമായി നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജനും പ്രഖ്യാപിച്ചത്.