സാങ്കേതിക യൂണി. ഓംബുഡ്സ്മാന്റെ ഉത്തരവ് അംഗീകരിക്കാതെ വി.സി

Monday 19 January 2026 12:00 AM IST

തിരുവനന്തപുരം: തലശ്ശേരി കേപ് എൻജിനിയറിംഗ് കോളേജിൽ മതിയായ ഹാജരില്ലാത്ത മൂന്ന് എം.ടെക് വിദ്യാർത്ഥികളുടെ തടഞ്ഞു വച്ച പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണമെന്ന സർവകലാശാല ഓംബുഡ്സ്മാൻ ഡോ. ധർമ്മരാജ് അടാട്ടിന്റെ ഉത്തരവ് അംഗീകരിക്കാൻ വി.സി ഡോ. സിസ തോമസ് വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി എല്ലാ രേഖകളും വി.സി ഗവർണർക്ക് കൈമാറി.

75 ശതമാനം ഹാജർ നിർബന്ധമാണെന്ന സർവകലാശാല ചട്ടം നില നിൽക്കെ, തടഞ്ഞുവ ച്ചിട്ടുള്ള ഫലം ഉടനടി പ്രസിദ്ധീകരിക്കണമെന്ന ഓംബുഡ്സ്മാന്റെ രണ്ടു വരി ഉത്തരവാണ് വി.സി തള്ളിയത്. റെഗുലർ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത ശതമാനം ഹാജർ നിർബന്ധമാണ്. പഠനത്തോടൊപ്പം സമാന്തരമായി കമ്പനികളിൽ ജോലി ചെയ്യുന്നതും ഹാജർ കുറയുന്നതും എ.ഐ.സി.ടി.ഇ വിലക്കിയിട്ടുണ്ട്. ഇത്തരം നിബന്ധനകൾ അവഗണിക്കുന്നത് കോഴ്സുകളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് വി.സി ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിച്ച് തീരുമാനമെടുക്കാൻ യു.ജി.സി നിർദ്ദേശ പ്രകാരമാണ് സർവകലാശാലകളിൽ ഓംബുഡ്സ്മാനെ നിയമിക്കുന്നത്. ഓംബുഡ്സ്മാന്റെ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് വി.സി ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. സംസ്കൃത സർവകലാശാല മുൻ വി.സിയായ ഡോ. ധർമ്മരാജ് അടാട്ടിനെ കെ.ടി.യു സിൻഡിക്കേറ്റാണ് ഓംബുഡ്സ്മാനായി നിയമിച്ചത്. അദ്ദേഹം സംസ്ഥാന ലൈബ്രറി കൗൺസിൽ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ, രാഷ്ട്രീയ പക്ഷപാതമുള്ളയാളെ നിഷ്പക്ഷത പാലിക്കേണ്ട ഓംബുഡ്സ്മാൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന 'സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി'യുടെ പരാതി ഗവർണറുടെ പരിഗണനയിലാണ്.