റെക്കാഡ് വളർച്ചയോടെ ബി.എം.ഡബ്ല്യു

Monday 19 January 2026 12:41 AM IST

2025ൽ വിറ്റത് 18,001 കാറുകൾ

കൊച്ചി:കഴിഞ്ഞ വർഷം ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു ഇന്ത്യയിൽ 18,001 കാറുകൾ വിറ്റഴിച്ചു. 17,271 കാറുകളും 730 മിനി യൂണിറ്റുകളുമാണ് വിൽപ്പന നടത്തിയത്. 5,841 മോട്ടോർസൈക്കിളുകളും വിറ്റഴിച്ചതായി ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്തെ കാർ വിപണിയിൽ 14 ശതമാനത്തിന്റെ റെക്കാഡ് വാർഷിക വളർച്ചയാണ് ബി.എം.ഡബ്ല്യു നേടിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെ നാലാം പാദത്തിൽ 6,023 യൂണിറ്റുകളാണ് വിറ്റത്. 17 ശതമാനമാണ് വാർഷിക വളർച്ച. ആഡംബര ബ്രാൻഡിനോടുള്ള താൽപ്പര്യവും വിശ്വാസ്യതയുമാണ് ഉയർന്ന വിൽപ്പന നേടാൻ സഹായിച്ചതെന്ന് ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. വൈദ്യുത വാഹന വിഭാഗത്തിൽ ഉൾപ്പെടെ മികച്ച വളർച്ചയാണ് രേഖപ്പെടുത്തി. രാജ്യത്തെ ആഡംബര വാഹന വിപണി അതിവേഗം വളർച്ച കൈവരിക്കുന്നതായും ഉപഭോക്താക്കളുടെ അഭിരുചിയ്ക്കനുസരിച്ച് പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നും ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. ബി.എം.ഡബ്ല്യു, മിനി, മോട്ടോർ സൈക്കിൾ വിഭാഗങ്ങളിലായി 20 പുതിയ ഉൽപ്പന്നങ്ങളാണ് വിപണിയിൽ അവതരിപ്പിച്ചത്.