കാലിക്കറ്റ് വി.സി നിയമനം: കൂടിക്കാഴ്ച  ഇന്നും നാളെയും

Monday 19 January 2026 12:00 AM IST

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വി.സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഇന്നും നാളെയും അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലാണ് കൂടിക്കാഴ്ച.

സുപ്രീംകോടതി ഉത്തരവ് പ്രകാരമായിരുന്നു ഡിജിറ്റൽ,സാങ്കേതിക സർവകലാശാലകളുടെ വി.സി നിയമന കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ കാലിക്കറ്റ് സർവകലാശാല സെർച്ച്‌ കമ്മിറ്റി ഗവർണർ നേരിട്ട് നിയമിക്കുകയായിരുന്നു.

ഗവർണറുടെ (ചാൻസലർ) പ്രതിനിധിയായി ബംഗളൂരു ജവഹർലാൽ നെഹ്റു അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് സെന്ററിലെ പ്രൊഫസർ ജി.യു.കുൽക്കർണി ചെയർമാനും മുംബയ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്രൻ ഡി.കുൽക്കർണി യു.ജി.സി പ്രതിനിധിയും മുംബയ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ആർ.റാം കുമാർ സെനറ്റ് പ്രതിനിധിയുമായാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

കാലിക്കറ്റ്‌ സർവകലാശാലയിലെ 9 പേർ, കുസാറ്റിൽ നിന്ന് നാല്, കണ്ണൂർ സർവകലാശാലയിൽ നിന്ന് രണ്ട്, കേരളയിൽ നിന്ന് നാല് തുടങ്ങി സംസ്ഥാനത്ത് പുറത്ത് നിന്നുള്ള സീനിയർ പ്രൊഫസർമാരുമുൾപ്പെടെ 35 അപേക്ഷകരാണുള്ളത്. ഓൺലൈനായും ഇന്റർവ്യൂവിൽ പങ്കെടുക്കും. കുസാറ്റ്, കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവകലാശാലകളിൽ വി.സിമാരുടെ താത്കാലിക ചുമതല വഹിക്കുന്ന പ്രൊഫസർമാരും പങ്കെടുക്കുന്നുണ്ട്.

യു.ജി.സി നിയമപ്രകാരം കമ്മിറ്റി സമർപ്പിക്കുന്ന പാനലിൽ നിന്ന് ഗവർണർ വി.സിയെ നിയമിക്കും. ഇതോടെ സംസ്ഥാന സർവകലാശാലകളിൽ നാലിടത്ത് സ്ഥിരം വി.സിമാരുണ്ടാകും.