മെയ്ബാക്ക് ഇന്ത്യയിൽ നിർമ്മിക്കാൻ മെഴ്സിഡസ് ബെൻസ്

Monday 19 January 2026 12:42 AM IST

കൊച്ചി: മെഴ്‌സിഡസ് ബെൻസിന്റെ അത്യാഡംബര കാറായ മെയ്ബാക്ക് ജി.എൽ.എസ് ഇന്ത്യയിൽ നിർമ്മിക്കും. അമേരിക്കയ്ക്ക് പുറത്ത് മെയ്ബാക്ക് നിർമ്മിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. മെയ്ബാക്കിന്റെ വിൽപ്പനയിലെ അഞ്ചാമത്തെ വിപണിയായി ഇന്ത്യ മാറിയതിന് പിന്നാലെയാണ് തീരുമാനം.

2025ന്റെ തുടക്കത്തിലാണ് മെഴ്‌സിഡസ് ബെൻസ് മെയ്ബാക്ക് ജി.എൽ.എസ് സെലിബ്രേഷൻ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കിയത്. അഞ്ച് സീറ്റ് ഇ.ക്യൂ.എസ് എസ്.യു.വി സെലിബ്രേഷൻ എഡിഷൻ 1.34 കോടി രൂപയ്ക്കും ഏഴ് സീറ്റിന്റേത് 1.48 കോടി രൂപയ്ക്കും അവതരിപ്പിച്ചു. ഈ മോഡലുകൾക്ക് ലഭിച്ച വലിയ വിജയത്തിന്റെ ആഘോഷമായാണ് പ്രത്യേക പതിപ്പുകൾ പുറത്തിറക്കിയത്.

2025ൽ മികച്ച വിൽപ്പന

2025ൽ 19,007 വാഹനങ്ങളാണ് മെഴ്‌സിഡീസ് ഇന്ത്യ വിറ്റത്. ടോപ്പ് എൻഡ് സെഗ്മെൻറിൽ 11 ശതമാനവും ബാറ്ററി വാഹനങ്ങളിൽ 12 ശതമാനവും വളർച്ച കൈവരിച്ചു. എ.എം,ജി ജി 63, എ.എം.ജി സി.എൽ ഇ 53, എ.എം.ജി ജി.എൽ.സി 43 മോഡലുകളുടെ ഉയർന്ന ആവശ്യകത എ.എം.ജി വിഭാഗത്തിൽ 34 ശതമാനം വളർച്ച നേടാൻ സഹായമായി.

വൈദ്യുതി വാഹന വിൽപ്പന ഉയരുന്നു

ഇന്ത്യയിൽ വിൽക്കുന്ന ടോപ്എൻഡ് മെഴ്‌സിഡീസ് ബെൻസ് വാഹനങ്ങളിൽ 20 ശതമാനവും ഇ.വികളാണ്. 2025ൽ വിറ്റ ഇലക്ട്രിക് കാറുകളിൽ 70 ശതമാനവും 1.25 കോടി മുതൽ 3.10 കോടി വരെ വിലയുള്ള മോഡലുകളാണ്. ഇ.ക്യൂ.എസ് മെയ്ബാക്ക്, ഇ.ക്യൂ.എസ് എസ്.യു.വി, ഇ.ക്യൂ.എസ് സെഡാൻ, മെഴ്‌സിഡീസ്‌ ബെൻസ് ജി 580 എന്നിവയ്ക്കാണ് ആവശ്യക്കാരേറെ.

ചാർജിംഗ് ശൃംഖല റെഡി

ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി എം.ബി.ചാർജ് പബ്ലിക് എന്ന ഏകീകൃത പബ്ലിക് ചാർജിംഗ് ശൃംഖലയും അവതരിപ്പിച്ചു. 37 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ശൃംഖല ഇന്ത്യയിൽ 9,000ലധികം ഡി.സി ചാർജിംഗ് പോയിൻറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ചാർജിംഗ് പോയിന്റ് കണ്ടെത്തുന്നതു മുതൽ പണമടയ്ക്കൽ വരെ ഒരൊറ്റ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലൂടെ ലഭ്യമാക്കുന്നതാണ് സംവിധാനം.

മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് മെഴ്‌സിഡീസ് ബെൻസ് മെയ്ബാക്ക് ജി.എൽ.എസ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. 2026ൽ ഇന്ത്യയിൽ 12 പുതിയ മോഡലുകൾ അവതരിപ്പിക്കും.

സന്തോഷ് അയ്യർ

മാനേജിംഗ് ഡയറർ, സി.ഇ.ഒ

മെഴ്‌സിഡീസ് ബെൻസ് ഇന്ത്യ