അക്ഷരം ആരോഗ്യംപദ്ധതി വിപുലീകരിക്കുന്നു, സ്കൂളിൽ ഹെൽത്ത് ഐ.ഡി കാർഡും ഹെൽത്ത് മെന്റർമാരും വരും
തിരുവനന്തപുരം: 'അക്ഷരം ആരോഗ്യം' സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതി വിപുലമാക്കാൻ സർക്കാർ. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ഡിജിറ്റൽ ഹെൽത്ത് ഐ.ഡി കാർഡുകൾ, ഹെൽത്ത് മെന്റർമാർ തുടങ്ങിയ സംവിധാനങ്ങളോടെ പദ്ധതി അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പിൽവരും. ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെത്തുടർന്ന് തയ്യാറാക്കിയ പദ്ധതിയുടെ സമഗ്ര രൂപരേഖ അടുത്ത മാസം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഒന്നു മുതൽ 12-ാം ക്ലാസ് വരെ
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിശോധനകളിലൂടെ പോഷകാഹാരക്കുറവ്, വിളർച്ച, ടൈപ്പ് വൺ പ്രമേഹം എന്നിവ കണ്ടെത്തി ചികിത്സ ഉറപ്പാക്കും. മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ആസക്തി എന്നിവ കുറയ്ക്കാനും മാനസിക സമ്മർദ്ദം ലഘൂകരിക്കാനും പ്രത്യേക ക്ലാസുകൾ നൽകും. ലഹരിവസ്തുക്കൾക്കെതിരെ ബോധവത്കരണവും ആർത്തവ ശുചിത്വ ക്ലാസുകളും സംഘടിപ്പിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർക്കായിരിക്കും ചുമതല.
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ
1. ഓരോ കുട്ടിക്കും ഹെൽത്ത് ഐ.ഡി കാർഡ്. പ്രതിരോധ കുത്തിവയ്പ്പുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തും.
2. ഓരോ വിദ്യാലയത്തിലും തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർ 'ഹെൽത്ത് മെന്റർമാരാകും. കുട്ടികളിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്ന 'ഹെൽത്ത് അംബാസഡർമാർ' ആരോഗ്യ സന്ദേശങ്ങൾ സഹപാഠികളിലെത്തിക്കും.
3. സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ജീവൻരക്ഷാ മാർഗങ്ങൾ പ്രയോഗിക്കാൻ കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേക പരിശീലനം
4. സ്കൂളുകളിൽ ഫസ്റ്റ് എയ്ഡ് കിറ്റ്, വെയിംഗ് മെഷീൻ തുടങ്ങിയവയോടെ 'ആരോഗ്യ ഇടങ്ങൾ' സജ്ജമാക്കും.
വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ഏറെ ആശ്വാസകരമാകുന്ന ഒരു പദ്ധതിയാണിത്.
ബുഷ്റ ഷിഹാബ്
രക്ഷിതാവ്
2023 ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ഉത്തരവിടുകയായിരുന്നു. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ അദ്ധ്യാപർക്ക് ബോദ്ധ്യമുണ്ടാകണമെന്നതാണ് ലക്ഷ്യം.
മനോജ് കുമാർ
ചെയർപേഴ്സൺ സംസ്ഥാന ബാലാവകാശ കമ്മിഷൻ