പി.എസ്.എൽ.വി ദൗത്യപരാജയം; ഗഗൻയാൻ വൈകാനിട

Monday 19 January 2026 12:00 AM IST

തിരുവനന്തപുരം: പി.എസ്.എൽ.വി റോക്കറ്റുകൾക്ക് തുടർച്ചയായുണ്ടായ രണ്ടു പരാജയങ്ങൾ ഐ.എസ്.ആർ.ഒ യുടെ അഭിമാനപദ്ധതിയായ ഗഗൻയാൻ വിക്ഷേപണം വൈകാൻ ഇടയാക്കുമെന്ന് ആശങ്ക. ഗഗൻയാൻ വിക്ഷേപണത്തിനു മുന്നോടിയായി അടുത്തമാസം നടത്താനിരുന്ന ആളില്ലാത്ത ഗഗൻയാൻ പേടക വിക്ഷേപണമായ ജി.1 പദ്ധതി നീട്ടിവയ്ക്കുമെന്നാണ് സൂചന. ഇതിനുള്ള ഗ്രൗണ്ട് സ്റ്റേഷൻ സപ്പോർട്ടിനായി ഈ മാസം പ്രതിരോധ വകുപ്പിന് നൽകിയ അപേക്ഷ ഐ.എസ്.ആർ.ഒ പിൻവലിച്ചു.

ഇക്കൊല്ലം ആളില്ലാത്ത രണ്ടു ഗഗൻയാൻ വിക്ഷേപണവും അടുത്ത വർഷം ബഹിരാകാശ സഞ്ചാരികളുമായുള്ള ദൗത്യവുമാണ് തീരുമാനിച്ചിരുന്നത്. നിലവിൽ പി.എസ്.എൽ.വിയുടെ പരാജയകാരണങ്ങളെ സംബന്ധിച്ച ആഭ്യന്തര അന്വേഷണവും ഡാറ്റാ വിശകലന പരിശോധനകളും നടത്തിവരികയാണ്. ഇതു പൂർത്തിയായശേഷം മാത്രമേ ഗഗൻയാനിനുള്ള നടപടികൾ പുനരാരംഭിക്കുകയുള്ളൂവെന്നാണ് അറിയുന്നത്. മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കുന്ന ദൗത്യമായതിനാൽ സാങ്കേതിക പൂർണതയുണ്ടെന്ന ഉറപ്പുവരുത്തിയശേഷം മാത്രമേ അന്തിമ തീയതി നിശ്ചയിക്കുകയുളളു.

ജനുവരി 12ന് ഡി.ആർ.ഡി.ഒയുടെ അന്വേഷ ഉപഗ്രഹവും മറ്റ് 15ഉപഗ്രഹങ്ങളും വിക്ഷേപിക്കാനുള്ള പി.എസ്.എൽ.വി സി.62റോക്കറ്റിന്റെ ദൗത്യമാണ് വിജയിക്കാതെപോയത്. കഴിഞ്ഞ വർഷം മേയ് 18ന് നടത്തിയ വിക്ഷേപണവും സമാനമായ തരത്തിൽ പരാജയപ്പെട്ടു.

രണ്ടുമുതൽ നാലുവരെയുള്ള ഇന്ത്യൻ സഞ്ചാരികളെ ഇന്ത്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്തേക്കയച്ച് രണ്ടുദിവസം ഭൂമിയെ വലംവച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ പദ്ധതി. 2022ൽ വിക്ഷേപിക്കാനാണ് തുടക്കത്തിൽ ശ്രമിച്ചിരുന്നത്. കൊവിഡും സാങ്കേതിക വിദ്യ വികസനമടക്കമുള്ള പ്രശ്നങ്ങളുമായി വൈകി.

പദ്ധതി 90 % പൂർത്തിയായി

ഗഗൻയാനിന്റെ ജോലികൾ 90 % പൂർത്തിയായെന്നാണ് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ നൽകുന്ന സൂചന. അവയിൽ ഉൾപ്പെടുന്നത് ചുവടെ. ബഹിരാകാശസഞ്ചാരികൾക്കുള്ള പരിശീലനവും പൂർത്തിയായി.

1. മനുഷ്യർക്ക് പറക്കാൻ കഴിയുന്നത്ര സുരക്ഷിതമായ ഹ്യൂമൻ റേറ്റഡ് റോക്കറ്റുകൾ

2. ബഹിരാകാശയാത്രികർക്കുള്ള പ്രത്യേക ഭക്ഷണം, വസ്ത്രം, ഉപകരണങ്ങൾ

3. ലാൻഡിംഗ് സമയത്ത് കാപ്സ്യൂളിന്റെ വേഗത കുറയ്ക്കുന്നതിനുള്ള കുടപോലുള്ള പാരച്യൂട്ട് സിസ്റ്റം

4. വായുസഞ്ചാരം, താപനില, സുരക്ഷ എന്നിവ നൽകുന്ന ഒരു സ്‌പേസ് കാപ്സ്യൂൾ എന്നിവയടക്കമുള്ള ഓർബിറ്റൽ മൊഡ്യൂൾ

5.ഇൻഡോർ വായു വൃത്തിയുള്ളതും ഓക്സിജൻ സമ്പുഷ്ടവും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതും നിലനിറുത്തുന്നതുമായ പരിസ്ഥിതി നിയന്ത്രണ, സുരക്ഷാസംവിധാനങ്ങൾ

6. റോക്കറ്റിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ സഞ്ചാരികളെ വേഗത്തിൽ ഒഴിപ്പിക്കുന്നതിനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം