തട്ടി​പ്പുകാരന്റെ 3 കോടി​ തട്ടാനുള്ള കൂട്ടുപ്രതി​കളുടെ തന്ത്രം പാളി​

Monday 19 January 2026 1:46 AM IST

മരവി​പ്പി​ച്ച അക്കൗണ്ട് തുറക്കാൻ ഹൈക്കോടതി​യി​ൽ വ്യാജഅപേക്ഷ

കൊച്ചി: ഒരു കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ പൊലീസ് മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വ്യാജഅപേക്ഷ. അഭിഭാഷകനടക്കം മൂന്ന് പേർക്കെതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരം കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ഈ കേസിലെ മൂന്നാം പ്രതിയുടെ അക്കൗണ്ടാണ് ഒന്നാം പ്രതിയുൾപ്പെട്ട സംഘം അഭിഭാഷകനെ കൂട്ടുപിടിച്ച് തട്ടിയെടുക്കാൻ ശ്രമിച്ചത്. മൂന്ന് കോടിയിലധികം രൂപ ഈ അക്കൗണ്ടിലുണ്ട്.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഒരു കോടി രൂപയുടെ സൈബർ തട്ടിപ്പ് നടന്നത്. പൊലീസ് വൈകാതെ ഇടുക്കി സ്വദേശിയായ ഒന്നാം പ്രതിയേയും രണ്ടാം പ്രതിയായ എറണാകുളം സ്വദേശിയെയും അറസ്റ്റ് ചെയ്തു. മാസങ്ങൾക്ക് ശേഷം ഇടുക്കി സ്വദേശി പുറത്തിറങ്ങിയെങ്കിലും മൂന്നാം പ്രതിക്ക് ജാമ്യം ലഭിച്ചില്ല. ഇതിനിടെയാണ് കഴിഞ്ഞ വർഷം സെപ്തംബറിൽ മൂന്നാം പ്രതിയുടെ പേരിൽ ഹൈക്കോടതിക്ക് മുന്നിൽ അപേക്ഷ എത്തിയത്. എന്നാൽ മൂന്നാം പ്രതിയുടെ അഭിഭാഷകൻ ബാങ്ക് അക്കൗണ്ട് പുന:സ്ഥാപിക്കാനുള്ള അപേക്ഷ തന്റെ കക്ഷി നൽകിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു.

തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം പൊലീസ്, റിമാൻഡിൽ കഴിയുന്ന പ്രതിയുടെ മൊഴി തൃപ്പൂണിത്തുറ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ രേഖപ്പെടുത്തി. തുടർന്ന് ഹൈക്കോടതി നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു. എറണാകുളം സ്വദേശിയാണ് അഭിഭാഷകൻ. നിരവധി കേസുകളിൽ പ്രതിയാണ് പരാതിക്കാരൻ. ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി നീക്കി, ഇതിലെ വൻതുക തട്ടിയെടുക്കലായിരിക്കാം ഒന്നാം പ്രതിയും കൂട്ടരും ലക്ഷ്യമിട്ടതെന്നാണ് പൊലീസ് കരുതുന്നത്.

വ്യാജ ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ പ്രതിയാണ് ഇടുക്കി സ്വദേശിയെന്നാണ് വിവരം. വ്യാജരേഖ ചമച്ച കേസിലെ രണ്ടാം പ്രതി ഇയാളുടെ സഹോദരനാണത്രെ. അഭിഭാഷകനടക്കം പ്രതിയായ സാഹചര്യത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷമേ ചോദ്യംചെയ്യലിലേക്കും അറസ്റ്റിലേക്കും കടക്കുകയുള്ളൂവെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇടുക്കി സ്വദേശികൾ ഒളിവിലാണെന്നും വിവരമുണ്ട്.

1.08 കോടി തിരുവാങ്കുളം സ്വദേശിയായ 50കാരനെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ടെലഗ്രാം ആപ്പിലൂടെയാണ് തട്ടിപ്പുകാർ ആദ്യമായി ബന്ധപ്പെടുന്നത്. തുടർന്ന് ജനുവരി 25 മുതൽ ജൂലൈ 17 വരെ 1.08 കോടി രൂപ ഇവർ ട്രേഡിംഗിൽ നിക്ഷേപിപ്പിച്ചു. എന്നാൽ പറഞ്ഞ സമയത്ത് ലാഭവിഹിതമോ മുടക്കുമുതലോ തിരികെ നൽകാതെ വന്നതോടെ പണം നഷ്ടപ്പെട്ടയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ ഒരു അക്കൗണ്ട് വഴി ഒരു മാസത്തിനിടെ 3.45 കോടി രൂപയുടെ വിനിമയം നടന്നി​ട്ടുണ്ട്.