തീരുവ തർക്കങ്ങളിൽ വലഞ്ഞ് ധന വിപണികൾ
ട്രംപിന്റെ ഗ്രീൻലാൻഡ് നീക്കം വെല്ലുവിളി
കൊച്ചി: ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യൂറോപ്യൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം ആഗോള വിപണികളെ മുൾമുനയിലാക്കുന്നു. നാറ്റോയിൽ അമേരിക്കയുടെ പരമ്പരാഗത സഖ്യ കക്ഷികളായ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യു.കെ. നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഫെബ്രുവരി ഒന്ന് മുതൽ പത്ത് ശതമാനം തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ തീരുമാനം. ഗ്രീൻലാൻഡ് തീരുമാനം വൈകിയാൽ ജൂൺ ഒന്ന് മുതൽ തീരുവ 25 ശതമാനമായി ഉയർത്തും.
ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് കൈക്കലാക്കാനുള്ള ട്രംപിന്റെ നീക്കം ആഗോള ഓഹരി, കമ്പോള, നാണയ വിപണികളെ ആശങ്കയിലാക്കുന്നു,
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ സ്വർണം, വെള്ളി വില കുതിച്ചുയരുമെന്നാണ് പ്രതീക്ഷ. വ്യാപാര യുദ്ധം രൂക്ഷമാകുന്നതോടെ ഇന്ത്യൻ ഓഹരികളിൽ ചാഞ്ചാട്ടം ശക്തമായേക്കും. ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകാനും ഇടയുണ്ട്.
റെക്കാഡ് മുന്നേറ്റം തുടരാൻ സ്വർണം
ട്രംപ് തീരുവ സൃഷ്‌ടിക്കുന്ന അനിശ്ചിതത്വത്തിൽ സ്വർണം, വെള്ളി വില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചേക്കും. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,700 ഡോളർ വരെ ഉയരാൻ ഇടയുണ്ട്. നിലവിൽ വില 4,599 ഡോളറിലാണ്. കേരളത്തിൽ പവൻ വില 1.06 ലക്ഷം രൂപ കടക്കേക്കുമെന്നാണ് പ്രവചനം. ഭൗമ രാഷ്‌ട്രീയ തർക്കങ്ങൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുകയാണ്. വെള്ളിയുടെ രാജ്യാന്തര വില ഔൺസിന് 83 ഡോളറിലാണ്. ഈ വാരം വെള്ളി വില കിലോയ്ക്ക് മൂന്ന് ലക്ഷം രൂപ കവിഞ്ഞേക്കും.
ഓഹരികളുടെ നീക്കത്തെ സ്വാധീനിക്കുന്നത്
1. അമേരിക്കയും യൂറോപ്പുമായുള്ള തീരുവ തർക്കങ്ങളിലെ നയ തീരുമാനങ്ങൾ
2. ഒക്ടോബർ-ഡിസംബർ കാലയളവിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ
3. ഇന്ത്യൻ വിപണിയിലെ വിദേശ ധന കാര്യ സ്ഥാപനങ്ങളുടെ നിക്ഷേപ ഒഴുക്ക്
4. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്യണ്ടാകുന്ന മാറ്റങ്ങൾ
നടപ്പുവർഷം ഇതുവരെ വിദേശ നിക്ഷേപകർ പിൻവലിച്ച തുക
22,529 കോടി രൂപ
ഡോളർ ദുർബലമാകും
യൂറോപ്യൻ രാജ്യങ്ങളുമായുള്ള രാഷ്‌ട്രീയ സംഘർഷം അമേരിക്കൻ ഡോളറിന്റെ നില പരുങ്ങലിലാക്കും. ഡോളറിന്റെ വിശ്വാസ്യത കുറയാനും കേന്ദ്ര ബാങ്കുകൾ സ്വർണം ഉൾപ്പെടെയുള്ള ബദൽ ആസ്തികളിലേക്കും നീങ്ങാൻ ഇടയുണ്ട്.