സ്‌റ്റീൽ വില കുതിച്ചുയരുന്നു

Monday 19 January 2026 12:46 AM IST

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും അധിക ഇറക്കുമതി തീരുവയും ഉത്പാദന ചെലവിലെ വർദ്ധനയും സ്‌റ്റീൽ വില ഉയർത്തുന്നു. കഴിഞ്ഞ ദിവസം കമ്പനികൾ ഹോട്ട് റോൾ കോയിലിന്റെ(എച്ച്.ആർ.സി) വില ടണ്ണിന് 500 രൂപ മുതൽ 750 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. നടപ്പു വർഷം രണ്ടാം തവണയാണ് കമ്പനികൾ സ്‌റ്റീൽ വില ഉയർത്തുന്നത്. ഡിസംബറിന് ശേഷം ഹോട്ട് റോൾ കൊയിലിന്റെ വില 3,000 രൂപ മുതൽ 5,250 രൂപ വർദ്ധിച്ച് ടണ്ണിന് 50,500 രൂപ മുതൽ 51,750 രൂപ വരെയെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതി ചെലവ് കൂടിയതും വില വർദ്ധനയ്ക്ക് കാരണമായി. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ സ്‌റ്റീൽ ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധനയും വില സമ്മർദ്ദം ശക്തമാക്കി. ഏപ്രിൽ മുതൽ നവംബർ വരെ കയറ്റുമതി 31 ശതമാനം ഉയർന്ന് 57.7 ലക്ഷം ടണ്ണിലെത്തി.