തർക്കമൊഴിയാതെ ടാറ്റ ട്രസ്‌റ്റ്‌സ്

Monday 19 January 2026 12:46 AM IST

നെവിലെ ടാറ്റയുടെ നിയമനം നീളുന്നു

കൊച്ചി: രത്തൻ ടാറ്റയുടെ മരണം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ടാറ്റ ട്രസ്റ്റ്സിലെ അധികാരത്തർക്കങ്ങൾ അവസാനിക്കുന്നില്ല. രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനും നിലവിൽ ടാറ്റ ട്രസ്‌റ്റ്‌സിന്റെ ചെയർമാനുമായ നോയൽ ടാറ്റയുടെ മകൻ നെവിലെ ടാറ്റയെ സർ രത്തൻ ടാറ്റ ട്രസ്‌റ്റിന്റെ(എസ്.ആർ.ടി.ടി) ട്രസ്‌റ്റിയായി നിയമിക്കാനുള്ള യോഗം ശനിയാഴ്ച റദ്ദാക്കിയതാണ് പുതിയ സംഭവ വികാസം. ക്വാറം തികയാത്തതിനാലാണ് യോഗം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ 23.6 ശതമാനം ഓഹരി പങ്കാളിത്തമുള്ള എസ്.ആർ.ടി.ടിയുടെ ബോർഡിൽ നിയമിക്കാനുള്ള നീക്കം രണ്ട് മാസം മുൻപ് പരാജയപ്പെട്ടിരുന്നു.

ട്രസ്‌റ്റികളുടെ നിയമനത്തിന് അംഗീകാരം നൽകുന്ന യോഗത്തിൽ എല്ലാ ട്രസ്‌റ്റികളും നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിബന്ധന. എല്ലാവർക്കും എത്താൻ കഴിയാത്തതിനാലാണ് യോഗം റദ്ദാക്കിയതെന്ന് ടാറ്റ ഗ്രൂപ്പിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ട്രസ്‌റ്റി നിയമനത്തിൽ ഐകകണ്ഠ്യേന തീരുമാനം ഉറപ്പാക്കാനായി ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബറിൽ ടാറ്റ സൺസിൽ 28 ശതമാനം ഓഹരി പങ്കാളിത്തമുള്ള സർ ദൊറാബ്‌ജി ടാറ്റ ട്രസ്‌റ്റ്‌സിന്റെ ബോർഡിലേക്ക് നെവിലെ ടാറ്റയെയും ഭാസ്‌കർ ഭട്ടിനെയും നിയമിച്ചിരുന്നു. നോയൽ ടാറ്റ, വേണു ശ്രീനിവാസൻ, വിജയ് സിംഗ് ജിമ്മി എൻ. ടാറ്റ, ജഹാംഗീർ എച്ച്.സി ജഹാംഗീർ, ഡാരിയസ് ഖാംബട്ട എന്നിവരാണ് എസ്.ആർ.ടി.ടിയുടെ ട്രസ്‌റ്റികൾ. വേണു ശ്രീനിവാസന്റെ എതിർപ്പു മൂലമാണ് നെവിന്റെ നിയമനം വൈകുന്നതെന്നാണ് അഭ്യൂഹം.