ശുബ്മാന്‍ ഗില്ലിന് കീഴില്‍ ഇന്ത്യ താഴോട്ട്? രോഹിത്തിന്റെ പകരക്കാരന് ശനിദശ തുടരുന്നു

Sunday 18 January 2026 10:53 PM IST

മുംബയ്: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കീഴില്‍ ആണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായത്. പിന്നീട് ഒരു ഏകദിന പരമ്പര കളിച്ചതാകട്ടെ അതേ വര്‍ഷം ഒക്ടോബറില്‍. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ഐസിസി കിരീടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ഏവരേയും ഞെട്ടിച്ചു. തലമുറമാറ്റമെന്നും ഭാവിയിലേക്കുള്ള നിക്ഷേപമെന്നും പേരിട്ട മാറ്റത്തിനൊടുവില്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളുടെ നായകസ്ഥാനം എത്തിയത് യുവതാരം ശുബ്മാന്‍ ഗില്ലിന്റെ കയ്യില്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇംഗ്ലണ്ട് പര്യടനമായിരുന്നു ഗില്ലിന് കിട്ടിയ ആദ്യ അസൈന്‍മെന്റ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പര 2-2ന് സമനിലയില്‍ എത്തിക്കുകയും ബാറ്റര്‍ എന്ന നിലയില്‍ പരമ്പരയില്‍ റണ്‍സ് അടിച്ച് കൂട്ടുകയും ചെയ്തപ്പോള്‍ ഭാവി ശോഭനമെന്ന് ആദ്യ അഭിപ്രായങ്ങള്‍ വന്നിരുന്നു. എന്നാല്‍ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായ ഇംഗ്ലണ്ടിനെ പോലും പരാജയപ്പെടുത്താന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്ന് വന്നിരുന്നു.

പിന്നീട് നാട്ടില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയിച്ചു. ഈ പരമ്പരയ്ക്കിടെയാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത്തിനെ നീക്കിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് വെറും ബാറ്റര്‍ ആയി മാത്രം. ഈ പരമ്പരയില്‍ 2-1ന് ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. പിന്നീട് നടന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലുള്ള ടെസ്റ്റ് പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇന്ത്യ 2-0ന് തോറ്റു. ആദ്യ മത്സരത്തില്‍ പരിക്കേറ്റ ഗില്‍ രണ്ടാം മത്സരത്തില്‍ കളിച്ചതുമില്ല.

തൊട്ട് പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ പരിക്ക് കാരണം ഗില്‍ പൂര്‍ണമായും വിട്ടുനിന്നപ്പോള്‍ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായി കെഎല്‍ രാഹുല്‍ എത്തി. ഈ പരമ്പര ഇന്ത്യ 2-1ന് വിജയിച്ചു. പിന്നീട് നാട്ടില്‍ ഗില്ലിന്റെ കീഴിലുള്ള ആദ്യ ഏകദിന പരമ്പരയാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ കളിച്ചത്. ഈ പരമ്പരയില്‍ ആദ്യ മത്സരം വിജയിച്ച ശേഷം 2-1ന് ഇന്ത്യ പരമ്പര കൈവിട്ടു. ചുരക്കം പറഞ്ഞാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ദുര്‍ബലരായ വിന്‍ഡീസിനെ അല്ലാതെ ആരെയും ഗില്ലിന്റെ കീഴില്‍ ഇന്ത്യ തോല്‍പ്പിച്ചിട്ടില്ല.

എട്ട് ടെസ്റ്റ് മത്സരങ്ങളും ആറ് ഏകദിന മത്സരങ്ങളുമാണ് ഗില്ലിന് കീഴില്‍ ഇന്ത്യ കളിച്ചത്. നാല് ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ മൂന്നെണ്ണം തോല്‍ക്കുകയും ഒരെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. ആറ് ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ ജയിക്കാനായത് വെറും രണ്ടെണ്ണം മാത്രം. ഇതിനിടെ ട്വന്റി 20 ഫോര്‍മാറ്റില്‍ മറ്റ് താരങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന വിമര്‍ശനവും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതിരുന്നതും ഗില്ലിനെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.