തല ഉയർത്തി മടക്കം,​ എറണാകുളം 7-ാമത്

Monday 19 January 2026 1:50 AM IST

അഞ്ചാം സ്ഥാനം നഷ്ടമായത് 10 പോയിന്റിന്

തൃശൂർ: 64-ാം സംസ്ഥാന സ്‌കൂൾ കലോത്സവം പടിയിറങ്ങുമ്പോൾ എറണാകുളം ജില്ലയ്ക്ക് തല ഉയർത്തി മടക്കം. കപ്പടിച്ച കണ്ണൂരും റണ്ണറപ്പായ തൃശൂരും കോഴിക്കോടും പാലക്കാടും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ട കൊടുങ്കാറ്റിലും ഉലഞ്ഞുപോകാതെ എറണാകുളം സ്ഥിരത കാത്തു. ആദ്യ അഞ്ചിലേക്കുള്ള സ്ഥാനം ജില്ലയ്ക്ക് നഷ്ടമായത് വെറും പത്ത് പോയിന്റിന്റെ വിത്യാസത്തിൽ.

978 പോയിന്റുകളോടെ ജില്ല ഏഴാമതായി. ഹയർസെക്കൻഡറി വിഭാഗത്തിൽ 106 ഇനങ്ങളിൽ നിന്നായി 514 പോയിന്റുകളാണ് ടീം നേടിയത്. ഇതിൽ 95ലേറെ ഇനങ്ങളിൽ ജില്ല എഗ്രേഡ് നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ 98 ഇനങ്ങളിൽ നിന്നായി 464 പോയിന്റാണ് ടീം നേടിയത്. ഇതിൽ 86 ഇനങ്ങളിലും ടീം എ ഗ്രേഡ് നേടി. തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ കലോത്സവത്തിൽ 980 പോയിന്റോടെ അഞ്ചാം സ്ഥാനത്തായിരുന്നു ജില്ല.

97 സ്‌കൂളുകളിൽ നിന്ന് 767 പേരാണ് ടീമിലുണ്ടായിരുന്ന മത്സരാർത്ഥികൾ. 40 പേരായിരുന്നു ഒഫിഷ്യലുകൾ. 2003ലാണ് അവസാനമായി ജില്ല കലോത്സവ കപ്പ് നേടിയത്. 20 ഇനങ്ങളിൽ അപ്പീലോടെ എത്തിയവരും ടീമിലുണ്ടായിരുന്നു. ഇതിൽ പലരും എ ഗ്രേഡുമായാണ് തൃശൂരിൽ നിന്ന് മടങ്ങിയത്.

കാർട്ടൂൺ, വയലിൻ, ഗിറ്റാർ, മദ്ദളം, രചനാ മത്സരങ്ങൾ, പ്രസംഗം തുടങ്ങിയവയിലാണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ടീം പിന്നോട്ട് പോയത്. കൊളാഷ്, ഓടക്കുഴൽ, തബല, മദ്ദളം, പദ്യം ചൊല്ലൽ, കഥാരചന തുടങ്ങിയവയിൽ പിന്നോട്ട് പോയത് ഹയർ സെക്കൻഡറി തലത്തിലും ടീമിന് ക്ഷീണമായി.

മികവോടെ എസ്.എൻ സ്‌കൂളുകൾ

ജില്ലയുടെ മികവിൽ ശ്രീനാരായണ സ്‌കൂളുകളും മികച്ച പ്രകടനം പുറത്തെടുത്തു. വടക്കൻ പറവൂർ എസ്.എൻ.എച്ച്.എസ്.എസ്, വടക്കൻ പറവൂർ എസ്.എൻ.വി സംസ്‌കൃത സ്‌കൂൾ, ഒക്കൽ എസ്.എൻ.എച്ച്.എസ്.എസ്, പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസ്, ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളാണ് ജില്ലയ്ക്ക് മുതൽകൂട്ടായത്.