കല്ലുമ്മക്കായ വിഭവങ്ങൾക്ക് പ്രിയം: സജീവമായി വിപണിയും

Monday 19 January 2026 12:16 AM IST
കല്ലുമ്മക്കായ

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ച്, ചാലിയം, എലത്തൂർ എന്നിവിടങ്ങളിൽ സജീവമായി കല്ലുമ്മക്കായ വിപണി. കോഴിക്കോട്ടെത്തുന്ന ടൂറിസ്റ്റുകൾക്ക് കല്ലുമ്മക്കായ വിഭവങ്ങളോടുള്ള പ്രിയവും കൂടുകയാണ്. ഭൂരിഭാഗം ഹോട്ടലുകളിലും സീഫുഡും ട്രെൻഡ് ആയിരിക്കുകയാണ്. സെപ്റ്റംബർ അവസാനത്തോടെ തുടങ്ങി മേയ് വരെ നീളുന്നതാണ് കല്ലുമ്മക്കായ സീസൺ. കല്ലുമ്മക്കായ വിഭവങ്ങൾക്ക് ഡിമാന്റ് കൂടിയതോടെ സീസണായിട്ടും ചെറിയ തോതിൽ ലഭ്യതക്കുറവുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഇത് വാങ്ങാൻ കോഴിക്കോട്ടെത്തുന്നതായാണ് വിവരം.

കൂടുതൽ വലിപ്പമുള്ള കടുക്കയിറച്ചി കിലോയ്ക്ക് 900 രൂപവരെ വിലയുണ്ട്. വലിപ്പം കുറയുന്നതിന് അനുസരിച്ച് വിലയും കുറയും. ഇടത്തരം വലിപ്പമുള്ളവയ്ക്ക് 360 രൂപ വരെയാണ് വില. സീസണല്ലാത്ത സമയങ്ങളിൽ വില കൂടും. ദൂരെ നിന്നെത്തുന്നവർ നാലും അഞ്ചും കിലോ വരെ വാങ്ങിക്കൊണ്ടു പോകാറുണ്ട്.

പുലർച്ചെ സമയങ്ങളിൽ കടലിലെ പാറക്കെട്ടുകളില്‍ നിന്നാണ് തൊഴിലാളികൾ കല്ലുമ്മക്കായ ശേഖരിക്കുന്നത്. നവംബറിൽ സജീവമായ സീസണിൽ കഴിഞ്ഞ മാസത്തോടെ ഡിമാന്റ് കൂടി. വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇക്കൊല്ലം അനുകൂലമായ കാലാവസ്ഥയായതിനാൽ കല്ലുമ്മക്കായക്ക് ഗുണവും കൂടുതലാണ്.

കല്ലുമ്മക്കായ കറിക്കും തോരനും നല്ല ഡിമാന്റാണ്. ഹോട്ടലുകളിലും തട്ടുകടകളിലും ഇവ ലഭിക്കും. കല്ലുമ്മക്കായ നിറച്ചതും പൊരിച്ചതും അക്കൂട്ടത്തിലുണ്ട്.

കൃഷിയും ധാരാളം

കല്ലുമ്മക്കായ കൃഷി ചെയ്യുന്നവരും ധാരാളമുണ്ട്. കാസർകോട് ജില്ലയിലെ ചെറുവത്തൂർ, മലപ്പുറം പൊന്നാനി, തിരൂർ എന്നിവിടങ്ങളിലാണ് കല്ലുമ്മക്കായ കർഷകർ കൂടുതലുള്ളത്. അഞ്ചു മുതൽ ആറ് മാസം വരെയാണ് വളർച്ചാകാലം. കടലിൽ നിന്ന് കിട്ടുന്നവ കുറയുന്ന മുറയ്ക്ക് കൃഷി ചെയ്യുന്ന കല്ലുമ്മക്കായ വിപണിയിലെത്തും. ജലത്തിൽ പൊങ്ങിക്കിടക്കുന്ന സൂക്ഷ്മജീവികളെ ഇവ ആഹാരമാക്കുന്നത്.

കല്ലുമ്മക്കായയിൽ അടങ്ങിയിരിക്കുന്നത്

കാൽസ്യം, വെെറ്റമിനുകൾ, ധാതുലവണങ്ങൾ.