ജൽജീവൻ: കരാറുകാർക്ക് നൽകാനുള്ളത് 1,500 കോടി

Monday 19 January 2026 12:17 AM IST
ജൽജീവൻ

പൂർത്തിയായത് 4 പഞ്ചായത്തുകളിൽ

പദ്ധതി കാലാവധി മാർച്ച് 31ന് തീരും

കോഴിക്കോട്: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമത്തിക്കാനുള്ള ജൽജീവൻ പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ മാത്രം കരാറുകാർക്ക് നൽകാനുള്ളത് 1,500 കോടി രൂപ. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷത്തിലധികമായി കരാറുകാർക്ക് പണം കിട്ടുന്നില്ല. ഇതോടെ ബാങ്ക് വായ്പയെടുത്ത് കരാറെടുത്തവർ വെട്ടിലായി. ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ മറ്റ് ബാങ്കുകളിൽ നിന്നും വായ്പ കിട്ടുന്നില്ലെന്ന് കരാറുകാർ പറയുന്നു. കുടിശ്ശിക ട്രഷറിയിലെത്തിയിട്ടുണ്ടെങ്കിലും കരാറുകാർക്ക് കിട്ടിയിട്ടില്ല. നബാർഡിൽ നിന്ന് 5,000 കോടിയോളം സംസ്ഥാന സർക്കാർ വായ്പയെടുത്തിട്ടുണ്ട്. ഇതുകൊണ്ട് നിലവിലുള്ള കുടിശ്ശിക തീർക്കാം. പണം കിട്ടിയാലേ കരാറുകാർ പണി തുടങ്ങൂ. ജില്ലയിൽ നാലെണ്ണം ഒഴികെയുള്ള പഞ്ചായത്തുകളിൽ പദ്ധതി പാതിവഴിയിലാണ്. പലയിടത്തും പൂർണമായി മുടങ്ങി. 2024ൽ പൂർത്തിയാക്കേണ്ട പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. വരുന്ന മാർച്ച് 31ന് പദ്ധതി കാലാവധി തീരും. നടത്തിപ്പിന് കേന്ദ്രസർക്കാർ സമയം നീട്ടിക്കൊ‌‌ടുത്തേക്കും. കേന്ദ്ര, കേരള സർക്കാരുകൾ തുല്യ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ വാർട്ടർ കണക്ഷനെടുക്കാൻ ഏറ്റവും ചുരുങ്ങിയത് 8,000 രൂപയോളം വേണ്ടിടത്ത് ജൽജീവനിൽ സൗജന്യ കണക്ഷനെന്നാണ് തുടക്കത്തിൽ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ അത്യാവശ്യമില്ലാത്ത പലരും കണക്ഷനെടുത്തു. പിന്നീട് ബിൽ വരാൻ തുടങ്ങിയതോടെ പലരും റദ്ദാക്കി. തുടർന്ന് വൻ നഷ്ടമാണ് വാട്ടർ അതോറിറ്റിക്കുണ്ടായത്. പത്ത് ശതമാനം ഗുണഭോക്തൃ വിഹിതം വാങ്ങണമെന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ് നന്നാക്കിയത് 40% റോഡുകൾ

വെട്ടിപ്പൊളിച്ച റോഡുകൾ പൂർണ്ണമായി പുനഃസ്ഥാപിച്ചിട്ടില്ല. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു. മൂവായിരത്തോളം റോഡുകൾ പൊളിച്ചതിൽ 40 ശതമാനത്തോളം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നന്നാക്കി. ആദ്യ മൂന്ന് ഘട്ടങ്ങളിൽ പഞ്ചായത്ത് റോഡുകൾ താത്കാലികമായി പുനഃസ്ഥാപിക്കാനുള്ള തുക മാത്രമേ സർക്കാർ അനുവദിച്ചിരുന്നുള്ളൂ. പെെപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത വീതിയിൽ മാത്രമാണ് റോഡ് നന്നാക്കാൻ തുക അനുവദിക്കാനാകൂ. എന്നാൽ റോഡ് മുഴുവൻ നന്നാക്കാൻ ചില പഞ്ചായത്തുകൾ പണം ആവശ്യപ്പെടുന്നത് പ്രശ്നമാകുന്നുണ്ട്.

ജില്ലയിലെ സ്ഥിതി

കേന്ദ്രസർക്കാർ പദ്ധതി ആവിഷ്കരിച്ചത്....2019

കേരളത്തിൽ നടപ്പാക്കി തുടങ്ങിയത്....2020

ജില്ലയിൽ ആകെ പഞ്ചായത്തുകൾ....70

പൂർത്തിയായ പഞ്ചായത്തുകൾ....4

(തുറയൂർ, കാക്കൂർ, കുന്നുമ്മൽ, കടലുണ്ടി)