ജീവിച്ചിരിക്കുന്നയാളെ പരേതനാക്കി പ്രമാടം പഞ്ചായത്ത്
പ്രമാടം: പ്രമാടം പഞ്ചായത്തിൽ നിന്നുള്ള കത്ത് പൊട്ടിച്ചുവായിച്ച ഗോപിനാഥൻ നായർ ഒരുനിമിഷം ഞെട്ടി. തന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടാണ് പഞ്ചായത്തിൽ നിന്ന് കത്തുവന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം നൽകിയത്. ശനിയാഴ്ച ഉച്ചയോടെയാണ് പഞ്ചായത്തിൽ നിന്ന് കത്ത് ലഭിച്ചത്. കത്ത് കൈപ്പറ്റി മൂന്നാം ദിവസത്തിനകം ആധാർ കാർഡും മരണ സർട്ടിഫിക്കറ്റുമായി എത്തണമെന്നാണ് നിർദേശം. അതേസമയം ഗോപിനാഥൻ നായർ മരിച്ചതായി അറിയിച്ചതിന്റെ ഭാഗമായിട്ടാണ് കത്തയച്ചതെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്. എന്നാൽ ആരാണ് ഈ വിവരം അറിയിച്ചതെന്ന് പറയണമെന്നാണ് ഗോപിനാഥൻ നായരുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഗോപിനാഥൻ നായർ ഇപ്പോഴും ആരോഗ്യവാനാണ്. സർക്കാർ അവസാനമായി അനുവദിച്ച പെൻഷൻ തുകയും കൈപ്പറ്റിയിരുന്നു.