വിരലിൽ ചൂണ്ട തുളച്ചുകയറി: സർജറി വേണമെന്ന് ഡോക്ടർമാർ, സിമ്പിളായി ഊരി അഗ്നിശമനസേന
തിരുവല്ല: മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ വിരലിൽ ചുണ്ട തുളഞ്ഞുകയറി പരിക്കേറ്റു. പുറമറ്റം നല്ലകുന്നേൽ വീട്ടിൽ സനുവിനാണ് (29) പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിൽ നിന്ന് സർജറിക്ക് നിർദ്ദേശിച്ചെങ്കിലും തിരുവല്ല അഗ്നിരക്ഷാ സേന ചൂണ്ട സിമ്പിളായി ഊരിയെടുത്തു.
കല്ലുപ്പാറ ഇരുമ്പ് പാലത്തിന് സമീപം മീൻ പിടിക്കുമ്പോഴായിരുന്നു അപകടം. ന്യൂജൻ ചൂണ്ട വലത് കൈയിലെ ചെറുവിരലിലാണ് തുളഞ്ഞുകയറിയത്. സുഹൃത്തുക്കൾ സനുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സർജറിക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫറും ചെയ്തു. ഇതിനിടെ സുഹൃത്ത് സനുവിനെ തിരുവല്ലയിലെ അഗ്നിരക്ഷാ നിലയത്തിൽ എത്തിക്കുകയായിരുന്നു.
സേനാംഗങ്ങൾ ഷിയേഴ്‌സ് എന്ന കട്ടർ ഉപയോഗിച്ച് ചൂണ്ടയുടെ ഇരുവശങ്ങളും മറിച്ചുനീക്കിയശേഷം വിരലിൽനിന്ന് ചൂണ്ട ഊരിയെത്തു. ചൂണ്ട അസ്ഥിയിൽ ഉടക്കിയിരുന്നില്ല. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതിഷ് കുമാർ, ഓഫീസർമാരായ സുരജ് മുരളി, ശിവപ്രസാദ്, രാഹുൽ, സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.