മണ്ഡല - മകരവിളക്ക് തീർത്ഥാടനം: പരാതിരഹിതം, ഇന്ന് പരിസമാപ്തി

Monday 19 January 2026 12:30 AM IST

ശബരിമല: മണ്ഡല - മകരവിളക്ക് തീർത്ഥാടനം ഇന്ന് പര്യവസാനിക്കാനിരിക്കെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്. നെയ്യഭിഷേകവും പടിപൂജയും ഇന്നലെ സമാപിച്ചു. ഇന്ന് രാത്രി 10വരെയാണ് തീർത്ഥാടകർക്ക് ദർശനം.

മുൻവർഷത്തെ അപേക്ഷിച്ച് ഈ തീർത്ഥാടന കാലം വിവാദങ്ങളിൽ മുങ്ങിയെങ്കിലും പരാതിരഹിതമായിരുന്നു. വെർച്വൽ ക്യൂ വഴി 70000 വും സ്‌പോട്ട് ബുക്കിംഗ് തിരക്കിന് അനുസരിച്ച് 5000വുമായി നിജപ്പെടുത്തിയെങ്കിലും മിക്കദിവസങ്ങളിലും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് ദർശനം നടത്തിയത്. കാണിക്ക ഇനത്തിലും അപ്പം, അരവണ വിറ്റുവരവിലും ഇത്തവണ റെക്കാർഡ് വർദ്ധനവാണുണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് ശബരിമലയിലെ ശുചീകരണവും കുറ്റമറ്റതായിരുന്നു. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകുമാർ മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ നടത്തിപ്പിന് പ്രത്യേക ശ്രദ്ധപുലർത്തിയിരുന്നു. മിനിറ്റിൽ 75 മുതൽ 85 തീർത്ഥാടകരെ വരെ പതിനെട്ടാം പടിയിലൂടെ കയറ്റിവിടാൻ കഴിഞ്ഞതിനാൽ തിരക്ക് നിയന്ത്രണ വിധേയമായിരുന്നു. ആദ്യദിനങ്ങളിലെ പാളിച്ച പരിഹരിക്കാൻ പതിനെട്ടാം പടിയിൽ പ്രത്യേകം പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതും ഡ്യൂട്ടി സമയം കുറച്ചതും പടികയറ്റം സുഗമമാക്കി. ഇത്തവണ മരക്കൂട്ടം വരെയാണ് പരമാവധി ക്യൂ നീണ്ടത്. ഇവ‌ർക്ക് കുടിവെള്ളവും ലഘുഭക്ഷണവും നൽകി. ടോയ്‌ലെറ്റ് സൗകര്യവും വർദ്ധിപ്പിച്ചിരുന്നു. ദേവസ്വം ബോർഡിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏകോപനവും തീർത്ഥാടനകാലം പരാതി രഹിതമാക്കി.