കുമ്പഴ പമ്പ് ഹൗസ് പണിമുടക്കിൽ: നഗരം ദാഹിച്ചിട്ട് ഒരാഴ്ച

Monday 19 January 2026 12:33 AM IST

പത്തനംതിട്ട: നഗരത്തിലെയും മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെയും ജലവിതരണത്തിനുള്ള കുമ്പഴ പമ്പ് ഹൗസ് പണിമുടക്കിയിട്ട് ഒരാഴ്ച. ജനം വെള്ളം കിട്ടാതെ വലഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ല. വെള്ളം നാളെ കിട്ടുമെന്ന മറുപടി ആവർത്തിക്കുക മാത്രമാണ് ഓരോ ദിവസവും ചെയ്യുന്നത്.

പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായിട്ട് ഒരാഴ്ച കഴിഞ്ഞു. അച്ചൻകോവിലാറിന്റെ നടുവിലായി നിർമ്മിച്ച കോൺക്രീറ്റ് കിണറ്റിൽ (ബേബി വെൽ) നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. കിണറ്റിൽ നിന്നുള്ള പൈപ്പ് പൊട്ടിയിട്ടുണ്ട്. ആറ്റിലൂടെ ഒഴുകിയെത്തിയ പ്ളാസ്റ്റിക് മാലിന്യങ്ങളും മണ്ണും കിണറ്റിലെത്തി.

മുപ്പത് വർഷം മുമ്പ് നിർമ്മിച്ച കിണറും വാട്ടർ ടാങ്കും ഇതുവരെ വൃത്തിയാക്കിയിട്ടില്ല. മണ്ണും മാലിന്യങ്ങളും നിറഞ്ഞ കിണറ്റിൽ നിന്ന് മരം വളർന്ന് റിംഗിന് മുകളിലേക്ക് എത്തിയിട്ടുണ്ട്. ഒരിക്കൽ മെയിൻ പമ്പ് ഹൗസിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും വലിയ മോട്ടോർ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

ബേബി വെല്ലിൽ നിന്ന് പമ്പ് ഹൗസിലേക്കുള്ള വർഷങ്ങൾ പഴക്കമുള്ള തകരാറിലായ പൈപ്പ് അടിയന്തരമായി നീക്കം ചെയ്ത് പുതിയ കാസ്റ്റ് അയൺ പൈപ്പ് സ്ഥാപിച്ചാൽ മോട്ടോർ തകരാറിലാകുന്നത് ഒഴിവാക്കാം.

വാട്ടർ ടാങ്കിലെത്തുന്നത് മണ്ണും മാലിന്യവും

 മോട്ടോർ പ്രവർത്തിപ്പിക്കുമ്പോൾ മണ്ണും മാലിന്യവുമാണ് വലിയ വാട്ടർ ടാങ്കിലെത്തുന്നത്

 ഇതാണ് മോട്ടോർ തകരാറിലാകാൻ കാരണമെന്ന് കണ്ടെത്തൽ

 പത്തനംതിട്ട നഗരസഭയിലെ തുണ്ടമൺകര, മൈലാടുംപാറ, മൈലപ്ര പഞ്ചായത്തുകളിലെ കണ്ണമ്പാറ, ചീങ്കൽത്തടം വാട്ടർ ടാങ്കുകളിൽ വെള്ളം എത്തുന്നത് കുമ്പഴ പമ്പ് ഹൗസിൽ നിന്ന്

 കുമ്പഴ പമ്പ് ഹൗസിനോട് ചേർന്ന് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാത്തതിനാൽ കലങ്ങിയ വെള്ളമാണ് നാല് വാട്ടർ ടാങ്കുകളിലും എത്തുന്നത്

 ഇവിടെ വീട‌ുകളിലെയും സ്ഥാപനങ്ങളിലെയും ലൈനുകളിൽ പലപ്പോഴും കലങ്ങിയ വെള്ളമാണ് കിട്ടുന്നത്

പമ്പ് ഹൗസ് സ്ഥാപിച്ചത്

1996ൽ

കിണറുകളിൽ വെള്ളമില്ല

വേനൽ കടുത്തതിനാൽ കിണറുകളിൽ വെള്ളം കുറഞ്ഞു. സ്വന്തമായി കിണറില്ലാതെ നിരവധി കുടുംബങ്ങൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കണക്ഷനെയാണ് ആശ്രയിക്കുന്നത്. ടാങ്കർ ലോറികളിൽ വീടുകളിലെ ദൈനം ദിന ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിന് പ്രദേശവാസികൾ വലിയ തുകയാണ് ചെലവാക്കുന്നത്.

രണ്ട് മോട്ടോറുകളാണ് തകരാറിലായത്. ഇവ നന്നാക്കുന്ന ജോലികൾ ആരംഭിച്ചു. നാലഞ്ച് ദിവസത്തിനുള്ളിൽ ജല വിതരണം സാധാരണ നിലയിലാകും. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കും.

വാട്ടർ അതോറിറ്റി അധികൃതർ