പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു
നാറാണംമൂഴി: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനമായതോടെ തീർത്ഥാടന പാതകൾ വൃത്തിയാക്കുന്ന 'ശബരി ശുചിത്വം' പദ്ധതിക്ക് നാറാണംമൂഴിയിൽ തുടക്കമായി. പഞ്ചായത്ത് പരിധിയിൽ വരുന്ന ചേന്നംപാറ മുതൽ കക്കുടുമൺ വരെയുള്ള ഭാഗങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നടപടികളാണ് ആരംഭിച്ചത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടന കാലത്ത് പാതയോരങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്ത് പ്രകൃതിയെ വീണ്ടെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ വാർഡ് മെമ്പർ ഏബ്രഹാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ്, അസിസ്റ്റന്റ് സെക്രട്ടറി മല്ലിക, ഹെൽത്ത് ഇൻസ്പെക്ടർ സോനു എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നുമുള്ള ഹരിതകർമ്മ സേനാംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.