റോബോട്ട് കൊമ്പൻമാർ തിടമ്പേറ്റുന്ന കാലം, അണിയറയിൽ 360 കൊമ്പൻമാർ

Monday 19 January 2026 12:29 AM IST

കൊച്ചി: നാട്ടാനകൾക്ക് ഇനി വിശ്രമിക്കാം. ഉത്സവപ്പറമ്പുകളിൽ തലയെടുപ്പോടെ തിടമ്പേറ്റി നിൽക്കാൻ അണിയറയിൽ ഒരുങ്ങുന്നത് 360 റോബോട്ട് കൊമ്പൻമാർ. 2022ൽ ഇരിങ്ങാലക്കുട ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കേരളത്തിലെ ആദ്യത്തെ റോബോട്ട് ആനയെ നൽകിയ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് എന്ന സംഘടനയാണ് അഞ്ചു കൊല്ലത്തിനുള്ളിൽ 360 റോബോട്ട് ആനകളെ സൗജന്യമായി നൽകുന്നത്. പീറ്റാ ഇന്ത്യ, വോയ്സ് ഫോർ ഏഷ്യൻ എലിഫന്റ് സംഘടനകളാണ് സാമ്പത്തിക സഹായം നൽകുന്നത്.

കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, തമിഴ്‌നാട് ഗൂഡല്ലൂർ ജില്ലകളിലെ ക്ഷേത്രങ്ങൾക്ക് നൽകിയത് 13 റോബോട്ട് ആനകളെ കഴിഞ്ഞ മൂന്നു വർഷംകൊണ്ടു നൽകി. ചാലക്കുടി പേരാമ്പ്ര കുന്നുംപുറം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനാണ് കഴിഞ്ഞയാഴ്ച നൽകിയത്. ആലപ്പുഴയിലേക്ക് രണ്ട് ആനകൾ ഉടൻ തയ്യാറാകും. 11 ആനകൾ വേറെയും ഒരുങ്ങുന്നുണ്ട്.

* നാട്ടാനകളെ വെല്ലുന്ന നിർമ്മിതി

നിർമ്മാണം ചാലക്കുടിയിലും വടക്കൻ പറവൂരിലുമാണ്. ഫൈബർ, പ്ലാസ്റ്റർ ഒഫ് പാരീസ്, സ്പോഞ്ച്, സിന്തറ്റൈസ്‌ഡ് ചകിരി എന്നിവ ഉപയോഗിച്ച് ഇരുമ്പ് ചട്ടക്കൂടിലാണ് നിർമാണം. തുമ്പിക്കൈയും ചെവിയും വാലും ചലിപ്പിക്കാം. വയറിനകത്താണ് ബാറ്ററിയിൽ പ്രവർ‌ത്തിക്കുന്ന മോട്ടോർ. കൃഷ്ണമണികൾ അനക്കാനും കഴുത്ത് ഇളക്കാനും തുമ്പിക്കൈയിലൂടെ വെള്ളം ചീറ്റാനും സാധിക്കും. കൊമ്പുകൾ ഊരി മാറ്റാം. റിമോട്ട് വഴി നിയന്ത്രിക്കാം.

 ജീവനുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കില്ലെന്ന് രേഖാമൂലം ഒപ്പിട്ടുനൽകുന്ന ക്ഷേത്രങ്ങൾക്ക് റോബോട്ട് ആനകളെ കിട്ടും.

തിരിച്ചു നൽകേണ്ടതില്ല. മറ്റു ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തിന് കൊണ്ടുപോകാം. മൂന്നു വർഷത്തിനുള്ളിൽ തകരാർ സംഭവിച്ചാൽ സംഘടനയുടെ ചെലവിൽ പരിഹരിക്കും.

എട്ടു ലക്ഷംവരെ ചെലവ്

6.50 -8.00 ലക്ഷം:

ഒരു ആനയുടെ

നിർമ്മാണ ചെലവ്

10 അടി:

ഉയരം

800 കിലോ:

ഭാരം

4 പേർക്ക്:

ആനപ്പുറത്ത്

ഇരിക്കാം.

2013ൽ പെരുമ്പാവൂരിലെ ഒരു ക്ഷേത്രവളപ്പിൽ കൊമ്പൻ ഇടഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ചതും 60 ഓളം പേർക്ക് പരിക്കേറ്റതുമായ ദാരുണ സംഭവമാണ് ഈ ആശയത്തിലേക്ക് നയിച്ചത്.

വി.കെ. വെങ്കിടാചലം

സെക്രട്ടറി

ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ്