നായർ - ഈഴവ ഐക്യത്തിന്റെ മണിനാദം വീണ്ടും
കോട്ടയം : കേരളീയ നവോത്ഥാനചരിത്രത്തിൽ വലിയ സംഭാവനകൾ നൽകിയ പ്രബല സാമുദായിക സംഘടനകളായ എൻ.എസ്.എസും, എസ്.എൻ.ഡി.പി യോഗവും വീണ്ടും ഒത്തു ചേരുന്നു. ' യോജിക്കാവുന്ന വിഷയങ്ങളിലുള്ള യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാകുന്നുവെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുടെ വാക്കുകളെ പിന്തുണച്ചുള്ള യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകളും മാറ്റത്തിന് വഴിയൊരുക്കുകയാണ്. 21 ന് ആലപ്പുഴയിൽ എസ്.എൻ.ഡി.പി യോഗം ശാഖാതലംവരെയുള്ള ഭാരവാഹികളുടെ യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച ചെയ്യും. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് പച്ചക്കൊടി കാട്ടുന്നതോടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ മാറ്റത്തിന് വഴി തെളിയുകയാണ്.
സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ടാരംഭിച്ച ഇരുസംഘടനകളും രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും ‘ഹിന്ദുഐക്യം’ എന്ന ആശയത്തിനായി കൈകോർത്തിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് 1903 ലാണ് ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം രൂപീകൃതമാകുന്നത്. 1914 ലാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ ആദ്യരൂപമായ നായർ ഭൃത്യജനസംഘം രൂപീകരിക്കുന്നത്. പിന്നാക്കക്കാർക്ക് വഴി നടക്കാനുള്ള അവകാശത്തിനായി നടന്ന വൈക്കം, ഗുരുവായൂർ സത്യഗ്രഹ സമരങ്ങളിലും മറ്റ് അനാചാരങ്ങൾക്കെതിരെയും, വിദ്യാഭ്യാസ പുരോഗതിക്കും ഇരുസംഘടനകളും ഒരേ ദിശയിലാണ് പ്രവർത്തിച്ചത്.
വൈക്കം സത്യഗ്രഹ സമരത്തിൽ പിന്നാക്കക്കാർക്കായി ക്ഷേത്ര വഴികൾ തുറന്നു കിട്ടുന്നതിന് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് നടന്ന സവർണജാഥയ്ക്കും റീജന്റ് മഹാറാണിയ്ക്ക് വിവിധ ആവശ്യങ്ങൾ അടങ്ങുന്ന ഭീമഹർജി തയ്യാറാക്കുന്നതിനും നേതൃത്വം നൽകിയവരിൽ പ്രമുഖൻ മന്നത്ത് പത്മനാഭനായിരുന്നു. ആർ. ശങ്കറും മന്നവും തമ്മിലുള്ള കൂട്ടുകെട്ട് കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. എൻ.എസ്.എസ് ജൂബിലി സമ്മേളനങ്ങളിൽ മന്നത്തിന്റെ ക്ഷണം സ്വീകരിച്ച് മുഖ്യാതിഥികളായി ആർ,ശങ്കറും കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരനും പങ്കെടുത്തിട്ടുണ്ട്.
പി.കെ.നാരായണപ്പണിക്കർ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് സംവരണ വിഷയത്തിൽ ഒഴിച്ച് മറ്റ് സാമൂഹ്യ പ്രശ്നങ്ങളിൽ പരസ്പരം 'രാമലക്ഷ്മണന്മാരെന്ന്' വിശേഷിപ്പിച്ച് വെള്ളാപ്പള്ളിയുമായി ഒന്നിച്ച് പ്രവർത്തിച്ചു. മന്നം ജയന്തി സമ്മേളനം ഉദ്ഘാടകനായി ക്ഷണിച്ച വെള്ളാപ്പള്ളി നടേശനെ ചുവന്ന കാർപ്പറ്റിലൂടെ ചേർത്തു പിടിച്ചായിരുന്നു നാരായണപ്പണിക്കർ വേദിയിലേക്കാനയിച്ചത്. ഈ ഐക്യത്തിൽ ഭയന്ന ചില കോൺഗ്രസ് നേതാക്കളാണ് ഒളിഞ്ഞും തെളിഞ്ഞും ഇത് തകർക്കാൻ ശ്രമിച്ചത്.