സതീശന്റെ വിദ്വേഷ പ്രസംഗം സമൂഹം തള്ളിക്കളയും: സജി ചെറിയാൻ 

Monday 19 January 2026 12:34 AM IST

ആലപ്പുഴ: കാന്തപുരം നടത്തിയ ജാഥയുടെ സമാപനത്തിൽ വി.ഡി. സതീശൻ നടത്തിയത്‌ മതസ്പർധ വളർത്തുന്ന വിദ്വേഷ പ്രസംഗമാണെന്ന്‌ മന്ത്രി സജി ചെറിയാൻ. കേരളത്തിലെ മതേതര സമൂഹം ഇത്‌ തള്ളിക്കളയും. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. എസ്.എൻ.ഡി.പി-എൻ.എസ്.എസ് സഹകരണം സി.പി.എം സോഷ്യൽ എൻജിനിയറിംഗിന്റെ ഭാഗമല്ല. സമുദായ നേതാക്കൾ നല്ല ബോധമുള്ളവരാണ്. മുഖ്യമന്ത്രി കാറിൽ കയറ്റിയെന്ന് പറഞ്ഞത് വെള്ളാപ്പള്ളിയെക്കുറിച്ചാണ്,ഷാൾ പുതപ്പിച്ചതെന്ന് പറഞ്ഞത് എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറിയെപ്പറ്റിയാണോയെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രി പെരുന്നയിൽ പോയത് ആരോഗ്യനില മോശമായ സുകുമാരൻ നായരെ കാണാനാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ തരംതാണ പ്രസ്താവന അദ്ദേഹം പിൻവലിക്കണം. ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.