സതീശന് വർഗീയ താത്പര്യങ്ങൾ: തുഷാർ വെള്ളാപ്പള്ളി
തൊടുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരായ വി.ഡി. സതീശന്റെ പരാമർശങ്ങൾക്ക് പിന്നിൽ വർഗീയ താത്പര്യങ്ങളെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഇത്തരമൊരു താത്പര്യമുള്ളതിനാലാണ് കേരളത്തിലെ ഏറ്റവും വലിയ സമുദായ നേതാവിന്റെ വേദിയിൽ പോയി എസ്.എൻ.ഡി.പി യോഗത്തെ കരിവാരി തേയ്ക്കുന്നത്. ആ സമുദായത്തിന്റെ വോട്ടിനായി മറ്റുള്ളവരെ തള്ളി പറയുന്നു. സതീശന്റേത് പ്രത്യേക സാമുദായിക താത്പര്യമാണ്. എല്ലാം ജനം കാണുന്നുണ്ട്.
എസ്.എൻ.ഡി.പി യോഗം-എൻ.എസ്.എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ല. എസ്.എൻ.ഡി.പി യോഗത്തിന്റെ കൗൺസിൽ തീരുമാന പ്രകാരമാണ് ജനറൽ സെക്രട്ടറി നായാടി മുതൽ നസ്രാണിവരെയുള്ളവരുടെ ഐക്യമെന്ന നിലപാട് എടുത്തിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിൽ എന്താണ് തെറ്റ്. കേരളത്തിൽ ഏതെങ്കിലും പ്രത്യേക മുന്നണി അധികാരത്തിൽ വരുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞിട്ടില്ല. മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്നത്തെ അഭിപ്രായമാണ്. അത് താനുമായി ബന്ധപ്പെടുത്തേണ്ടതില്ല.
മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി നടത്തിയ പരാമർശത്തിൽ എന്താണ് തെറ്റ്. മലപ്പുറത്ത് മുസ്ലിം ലീഗിനും മറ്റ് വിഭാഗങ്ങൾക്കുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എടുത്ത് പരിശോധിക്കണം. മതേതരത്വം പറയുന്ന മുസ്ലിംലീഗ് മതപാർട്ടിയായി പ്രവർത്തനം നടത്തുകയാണ്. വഖഫ് വിഷയത്തിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുസ്ലിംങ്ങളുടെ താത്പര്യത്തിനായുള്ള സംഘടനയെന്ന് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറത്ത് രാഷ്ട്രീയ രംഗത്തും ലീഗിനാണ് പ്രാതിനിധ്യം. മരണവുമായി ബന്ധപ്പെട്ട് പോലും ഒരു പ്രത്യേക സമുദായത്തിന് ആനുകൂല്യങ്ങൾ നൽകുന്ന സാഹചര്യമാണുള്ളതെന്നും തുഷാർ പറഞ്ഞു.