നിയമസഭാ സമ്മേളനം നാളെ മുതൽ; 29ന് ബഡ്ജറ്റ്

Monday 19 January 2026 12:36 AM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ തുടങ്ങും. 29ന് ബഡ്ജറ്റ്. മാർച്ച് 26വരെ 32 ദിവസമാണ് സഭ സമ്മേളിക്കുക. ജനുവരി 22, 27, 28 തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച.

ഫെബ്രുവരി 2, 3, 4 തീയതികളിൽ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച. ഫെബ്രുവരി 5ന് 2025- 26 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർത്ഥനകൾ, കഴിഞ്ഞ ഏതാനും സാമ്പത്തികവർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകൾ എന്നിവ പരിഗണിക്കും.

ഫെബ്രുവരി 6 മുതൽ 22വരെ സഭ ചേരില്ല. ഫെബ്രുവരി 24 മുതൽ മാർച്ച് 19 വരെയുള്ള 13 ദിവസം 2026-27 വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്തു പാസാക്കും. രണ്ടു ധനവിനിയോഗ ബില്ലുകളും ഈ സമ്മേളനത്തിൽ പാസാക്കും. ജനുവരി 23 ഫെബ്രുവരി 27, മാർച്ച് 13 ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി വിനിയോഗിക്കും.