സമുദായ നേതാക്കളോട് പറയേണ്ടത് പറയും പ്രസംഗിച്ചത് മുഖ്യമന്ത്രിക്കെതിരെയെന്ന് സതീശൻ
കൊച്ചി: സമുദായ നേതാക്കളോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പറയുകതന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായങ്ങൾ തമ്മിൽ ഭിന്നതയുണ്ടാകരുതെന്നാണ് നിലപാട്. വർഗീയതയ്‌ക്കെതിരെ സംസാരിക്കുന്നതും സമുദായ നേതാക്കളെ കാണുന്നതും രണ്ടാണെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എന്നിവരുടെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.
വെള്ളാപ്പള്ളിക്ക് എതിരെയല്ല തിരുവനന്തപുരത്ത് പ്രസംഗിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്.
ആരെയും അധിക്ഷേപിച്ചിട്ടില്ല. അധിക്ഷേപിച്ചത് തന്നെയാണ്. എന്നിട്ടും മറുപടി പറഞ്ഞില്ല. ഇന്നലെയും വെള്ളാപ്പള്ളി മോശമായ വാക്കുകൾ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ എന്ത് പറയരുതെന്ന് പറഞ്ഞോ, അതാണ് അദ്ദേഹം പറഞ്ഞത്. അത് ഗുരുനിന്ദയാണ്. വർഗീയതയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ബി.ജെ.പി, സി.പി.എം തന്ത്രത്തിന്റെ ഉപകരണമായി അദ്ദേഹം മാറരുതെന്നാണ് പറഞ്ഞത്. വെള്ളാപ്പള്ളിയെയല്ല വർഗീയതയെയാണ് ലക്ഷ്യം വച്ചത്.
വിമർശിക്കാനുള്ള സ്വാതന്ത്ര്യം സുകുമാരൻ നായർക്കുണ്ട്. അദ്ദേഹം മോശമായ ഒരു വാക്കും ഉപയോഗിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന് ഭ്രാന്താണെന്ന് ചിലർ പറഞ്ഞു. എന്നിട്ടും പ്രതികരിച്ചില്ല.
എല്ലാവരെയും കാണും
സുകുമാരൻ നായർ വർഗീയതയ്‌ക്ക് എതിരായ നിലപാടാണ് എടുത്തത്. അതിനാൽ അദ്ദേഹത്തിനെതിരെ സംസാരിക്കില്ല. പ്രതിപക്ഷ നേതാവാകുന്നതിന് മുമ്പും ശേഷവും പെരുന്നയിൽ പോയിട്ടുണ്ട്. കെ.സി. വേണുഗോപാലിനൊപ്പം സുകുമാരൻ നായരെ കണ്ടിട്ടുണ്ട്. സുഖമില്ലാതെ കിടന്നപ്പോൾ ആശുപത്രിയിലും സന്ദർശിച്ചു.
പദവി പരിഗണിച്ചാണ് എല്ലാവരും ക്ഷണിക്കുന്നത്. കുമ്പനാട്ടെ പെന്തക്കോസ്ത് സമ്മേളത്തിൽ പങ്കെടുത്തിട്ടുണ്ട്. ചെറുകോൽപ്പുഴ ഹിന്ദുസമ്മേളനത്തിലേക്ക് വിളിച്ചിട്ടുണ്ട്. കാന്തപുരത്തിന്റെയും ജിഫ്രി തങ്ങളുടെയും യാത്രകളിൽ പങ്കെടുത്തിട്ടുണ്ട്. ദളിത് സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടിയിലും എത്തും. സിനഡിൽ പോയതിന് എന്താണ് കുഴപ്പം?