സൂപ്പർ ത്രില്ലർ, കണ്ണൂർ

Monday 19 January 2026 12:44 AM IST

തൃശൂർ: ഇടയ്ക്ക് പാലക്കാടൻ കാറ്റൊന്ന് ആഞ്ഞുവീശി. ഒന്നാടി ഉലഞ്ഞെങ്കിലും കണ്ണൂരിന്റെ കൗമാരം കലയുടെ സ്വർണ്ണക്കപ്പ് തെയ്യത്തിന്റെ നാട്ടിലേക്ക് തന്നെ തൂക്കി. ആദ്യദിനം മുതൽ കണ്ണൂരിന് വെല്ലുവിളി ആതിഥേയരായിരുന്നു. പത്തോടെ പാലക്കാട് ഒന്നാമതെത്തിയപ്പോൾ അവസാന മണിക്കൂറുകളിൽ ത്രില്ലേറി. കഴിഞ്ഞ തവണ ഒരു പോയിന്റിന് നഷ്ടപ്പെട്ട കീരീടം തൃശൂരിന്റെ മണ്ണിൽ പാലക്കാട് നേടുമെന്ന് തോന്നിച്ച നിമിഷം. എന്നാൽ കണ്ണൂർ ലീഡ് തിരിച്ചു പിടിച്ചു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തൃശൂർ ഫിനിഷിംഗ് പോയിന്റിലും അതേ സ്ഥാനത്ത് തന്നെ. ജനസാഗരം ആർത്തിരമ്പിയ പൂരനഗരിയിൽ സ്വർണ്ണക്കപ്പ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ പക്കൽ നിന്നും കണ്ണൂർ സ്വീകരിച്ചു. പ്രധാനവേദികളിൽ മാത്രമല്ല, എല്ലാ വേദികളിലും കലാസ്വാദകർ നിറഞ്ഞ പങ്കാളിത്തം. ശനിയാഴ്ച രാത്രിയിൽ സംഘനൃത്തം ആസ്വദിക്കാൻ തൃശൂർ മുഴുവനെത്തിയ പ്രതീതി.

നാട് കീഴടക്കി, കാടിന്റെ കലകൾ

കാടിറങ്ങി വന്ന കലകൾ, പണിയ നൃത്തം, മംഗലം കളി, ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുലയ ആട്ടം കലോത്സവത്തിന്റെ ഭാഗമായിട്ട് ഇത് രണ്ടാം വർഷം. ജെൻസി പിള്ളേരുൾപ്പെടെ ഗോത്രകലയുടെ വൈബ് ആസ്വദിച്ചു. ഗോത്രകലകൾ അരങ്ങേറിയ മൂന്നാം വേദി നിറഞ്ഞുകവിഞ്ഞു. മംഗലംകളി പോലുള്ള ആയാസമേറിയ നൃത്തരൂപങ്ങളുടെ സമയം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.

കലോത്സവം മാറ്റങ്ങളോടെ

പുതിയ മത്സരഇനങ്ങൾ ഉൾപ്പെടുത്തുന്നതോടൊപ്പം നിലവിലുള്ളവയിൽ ചിലതിൽ മാറ്റം വരുത്താൻകൂടി വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. സമ്മാന നിർണ്ണയ രീതിയിലും മാറ്റം വരും. സുതാര്യത ഇക്കാര്യത്തിൽ കൊണ്ടുവരാനാണ് ആലോചന.