10 ലക്ഷത്തിന്റെ സ്വർണം കാണാനില്ല; ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്

Monday 19 January 2026 12:45 AM IST

കൊച്ചി: വയോധിക ദമ്പതികൾ തനിച്ചു താമസിക്കുന്ന വീട്ടിൽ നിന്ന് ഒറ്റയടിക്ക് അപ്രത്യക്ഷമായത് 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ. വാതിലും ലോക്കറും പൊളിക്കാതെ ഇത്രയേറെ സ്വർണാഭരണങ്ങൾ ആരാണ് അടിച്ചുമാറ്റിയതെന്ന് കണ്ടെത്താൻ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്.

പാലാരിവട്ടം എബ്രഹാം മാസ്റ്റർ റോഡിൽ താമസിക്കുന്ന ദമ്പതികളുടെ വീട്ടിൽ നിന്നാണ് എട്ടേമുക്കാൽ സ്വർണാഭരണങ്ങൾ മോഷണം പോയത്. മകളും അടുത്ത ബന്ധുവും ഏർപ്പിച്ചിരുന്നത് ഉൾപ്പെടെ ആഭരണങ്ങൾ ദമ്പതികളുടെ കിടപ്പുമുറിക്ക് സമീപമുള്ള മുറിയിലെ ഇരുമ്പ് അലമാരയിൽ ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. മകളുടെ സ്വർ‌ണാഭരണങ്ങൾ ബാങ്ക് ലോക്കറിലേക്ക് മാറ്റാൻ കഴിഞ്ഞദിവസം അലമാര തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് വീട് പരിശോധിച്ചെങ്കിലും കവർച്ച നടന്നതിന് തെളിവ് കിട്ടിയില്ല. വീടുമായി സമീപകാലത്ത് ബന്ധം പുലർത്തിയവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്നും മൊബൈൽ ഫോൺ കോളുകൾ, സമീപത്തെ സി.സി ടിവി ക്യാമറകൾ എന്നിവ പരിശോധിക്കുന്നതായും പാലാരിവട്ടം പൊലീസ് അറിയിച്ചു.