വാജിവാഹന കൈമാറ്റം: എസ്.ഐ.ടി പ്രതിരോധത്തിൽ കോടതിയുടെ അഭിപ്രായമറിഞ്ഞ് തുടർനീക്കം
തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്‌ഠരര് രാജീവർക്ക് കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ എന്ന് വ്യക്തമായതോടെ എസ്.ഐ.ടി പ്രതിരോധത്തിൽ. കോടതിയുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും ഇതിൽ കേസെടുക്കുന്നതിൽ തീരുമാനമെടുക്കുക. അതിനാൽ, അന്നത്തെ ദേവസ്വം ബോർഡ് അംഗം അജയ് തറയിലിനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ ഉണ്ടാകില്ല.
2017ൽ കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ അഡ്വക്കേറ്റ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന് ഹൈക്കോടതി അംഗീകാരം നൽകിയതിന്റെ രേഖകൾ പുറത്തുവന്നതോടെയാണ് എസ്.ഐ.ടി ആശയക്കുഴപ്പത്തിലായത്. തന്ത്രിക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധി പ്രകാരമാണെന്നും നടപടികൾ ഹൈക്കോടതിയുടെ അറിവോടെയെന്നുമാണ് അഡ്വക്കേറ്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. 2017 മാർച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
വാജിവാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് കമ്മിഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചതായും റിപ്പോർട്ടിലുണ്ട്. അഷ്ടദിക്ക്പാലകർ അടക്കം കൊടിമരത്തിലെ മറ്റു വസ്തുക്കൾ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മിഷണറുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാണ്. സന്നിധാനത്തെ സ്‌ട്രോംഗ് റൂമിൽ സീൽ ചെയ്താണ് ഇവ മാറ്റിയതെന്നും അഡ്വക്കേറ്റ് കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് തന്ത്രിയുടെ വീട്ടിൽ നിന്ന് എസ്.ഐ.ടി വാജി വാഹനം കസ്റ്റഡിയിലെടുത്തത്.
പോറ്റി 2017 മുതൽ
സ്‌പോൺസർ
സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി 2017 മുതൽ ശബരിമലയിൽ സ്‌പോൺസറായിരുന്നു എന്ന വിവരവും പുറത്തുവന്നു. അന്നത്തെ അഡ്വക്കേറ്റ് കമ്മിഷണർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച രേഖകൾ ഉള്ളത്. ദ്വാരപാലക ശില്പ പാളികൾക്ക് മുൻപ് മണിമണ്ഡപ നിർമ്മാണത്തിലും പോറ്റി സ്‌പോൺസറായിരുന്നു. 2017ലാണ് മണിമണ്ഡപത്തിലെ തൂണുകളും മണികളും പുനർനിർമ്മിച്ചത്. അഡ്വക്കേറ്റ് കമ്മിഷണർക്കാണ് സ്‌പോൺസർ ആകാൻ ഇ- മെയിൽ അയച്ചത്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി പണം ചെലവഴിച്ചില്ലെന്നും നൽകിയത് തമിഴ്‌നാട്ടിലെ വ്യാപാരികളാണെന്നും റിപ്പോർട്ടിലുണ്ട്.
സ്വർണക്കൊള്ള: സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്
കൊച്ചി: ശബരിമല സ്വർണക്കൊള്ള സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് സമരം വിശ്വഹിന്ദു പരിഷത്ത് അന്തർ ദേശീയ പ്രസിഡന്റ് അലോക് കുമാർ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി, ശബരിമല അയ്യപ്പ സേവാസമാജം എന്നിവയുടെ സംയുക്ത സമിതിയാണ് ശബരിമല കർമ്മ സമിതി.