ശബരിമലയിൽ ഇന്ന് വലിയ ഗുരുതി, നാളെ നട അടയ്ക്കും

Monday 19 January 2026 12:58 AM IST

ശബരിമല: മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് വലിയ ഗുരുതി. രാത്രി 10ന് നടയടച്ച ശേഷം പന്തളം രാജപ്രതിനിധി പുണർതംനാൾ പി.എൻ.നാരായണ വർമ്മയുടെ സാന്നിദ്ധ്യത്തിലാകും വലിയ ഗുരുതി.

നാളെ രാവിലെ 5ന് നട തുറന്നശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം. തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തും.നാളെ രാജപ്രതിനിധിക്ക് മാത്രമാണ് സന്നിധാനത്ത് ദർശനം. മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി അയ്യപ്പനെ കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ച് യോഗനിദ്ര‌യിലാക്കും. ഹരിവരാസനം പാടി ശ്രീകോവിൽ നടയടച്ച് താക്കോൽക്കൂട്ടവും പണക്കിഴിയും രാജപ്രതിനിധിയെ ഏൽപ്പിച്ച് പടിയിറങ്ങും. താക്കോൽക്കൂട്ടവും പണക്കിഴിയും ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ എൽപ്പിച്ച് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടങ്ങും.

ഇന്നലെ തിരുവാഭരണം ചാർത്തിയുള്ള ദർശനവും തീർത്ഥാടനകാലത്തെ അവസാന കളഭാഭിഷേകവും നടന്നു. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.