സ്വര്‍ണവിലയില്‍ ഇടപെടാന്‍ കേന്ദ്രം? നിര്‍ണായക പ്രഖ്യാപനം ഫെബ്രുവരി ഒന്നിനെന്ന് സൂചന

Monday 19 January 2026 12:59 AM IST

കൊച്ചി: വിലയിലെ റെക്കാഡ് കുതിപ്പ് കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റില്‍ സ്വര്‍ണത്തിന്റെയും എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെയും(ഇ.ടി.എഫ്) നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറായേക്കും.

ആഭരണമായി സ്വര്‍ണം വാങ്ങുന്നതിന് പകരം ഡിജിറ്റല്‍ നിക്ഷേപങ്ങളായ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ഫണ്ടുകള്‍ എന്നിവയില്‍ പണം മുടക്കുന്നവര്‍ക്ക് അധിക ആനൂകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കി.

അതേസമയം വിലയിലെ കുതിപ്പ് റീട്ടെയില്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സ്വര്‍ണത്തിന്റെ ചരക്കു സേവന നികുതി(ജി.എസ്.ടി) നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി കുറയ്ക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി.

സ്വര്‍ണത്തിന്റെ ജി.എസ്.ടി കുറയുന്നതോടെ സംസ്ഥാനത്തെ ജുവലറി മേഖലയ്ക്ക് ഏറെ ആശ്വാസമാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു. സ്വര്‍ണ ഇറക്കുമതിക്ക് രാജ്യത്തെ വീടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തിന്റെ റീസൈക്‌ളിംഗിന് പ്രാധാന്യം നല്‍കുന്ന നയം രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.