സ്കൂൾ വിദ്യാ‌ർത്ഥിനിയെ ഇടിച്ചിട്ടത് ബിസിനസുകാരന്റെ വാഹനം

Monday 19 January 2026 1:00 AM IST

കൊച്ചി: സ്കൂൾ വിട്ട് സൈക്കിളിൽ മടങ്ങുകയായിരുന്ന എളമക്കര ഭവൻസ് വി​ദ്യാഭവൻ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിറുത്താതെ പോയ കാർ പൊലീസ് തിരിച്ചറിഞ്ഞു. കടവന്ത്രയി​ൽ താമസിക്കുന്ന ബിസിനസുകാരനാണ് ഉടമ. കായംകുളം ഭാഗത്തുള്ള ഇയാളോട് ഇന്ന് രാവിലെ കാർ സഹിതം സ്റ്റേഷനിൽ ഹാജരാകാൻ എളമക്കര പൊലീസ് നിർദ്ദേശിച്ചു.

സ്കൂളി​ന് സമീപം 15ന് വൈകിട്ടുണ്ടായ അപകടത്തിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി, പുതുക്കലവട്ടം അമ്പലത്തിനു സമീപം ഹാലിഫാക്സ് എൻക്ലേവ് തൃത്വത്തിൽ പ്രശാന്ത്കുമാറിന്റെ മകൾ ദീക്ഷിതയ്‌ക്ക് (16) ഗുരുതര പരിക്കേറ്റിരുന്നു. നാട്ടുകാരാണ് ദീക്ഷിതയെ പാലാരിവട്ടത്തെ ആശുപത്രിയിൽ എത്തിച്ചതും തുട‌ർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചതും.

ഭവൻസ് സ്കൂളിൽ തന്നെ പഠി​ക്കുന്ന സ്വന്തം കുട്ടിയെയും കയറ്റി കാർ ഉടമ തന്നെ ഡ്രൈവ് ചെയ്ത് മടങ്ങുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന. കാറിൽ ബിസിനസുകാരനൊപ്പം കുട്ടി​യെ കൂടാതെ ഭാര്യയും ഉണ്ടായിരുന്നു. സ്കൂളിൽ നി​ന്ന് കുട്ടിയുമായി വീട്ടിലേക്ക് പോയിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. എന്നാൽ സൈക്കിളിൽ കാർ തട്ടിയതും വിദ്യാർത്ഥിനിക്ക് പരിക്കേറ്റതും അറിഞ്ഞില്ലെന്നാണ് ഇയാളു‌ടെ നിലപാട്.

ഭവൻസ് സ്കൂൾ പരിസരത്തെയും പുന്നയ്ക്കൽ അമ്പലം, ദേശാഭിമാനി റോഡ്, പേരണ്ടൂർ റോഡ് ഭാഗങ്ങളിലെയും മുപ്പതോളം സി.സി ടിവി ക്യാമറകൾ പരിശോധിച്ചാണ് അപകടത്തിന് ഇടയാക്കിയ കാറിന്റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞത്. ആന്തരിക രക്തസ്രാവമുണ്ടായ ദീക്ഷിത ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. സൈക്കിൾ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് എളമക്കര പൊലീസ് അറിയിച്ചു.