മാതാവും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു

Monday 19 January 2026 1:00 AM IST

കോട്ടയ്ക്കൽ: മാതാവും രണ്ടു മക്കളും കുളത്തിൽ മുങ്ങിമരിച്ചു. വീണാലുക്കൽ പരേതനായ കുമ്മൂറ്റിക്കൽ മൊയ്തീന്റെ ഭാര്യ സൈനബ (56), മക്കളായ ആഷിഖ് (20), ഫാത്തിമ ഫാസിമ (18) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. അത് വഴി വന്ന അന്യസംസ്ഥാന തൊഴിലാളിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. പറപ്പൂർ വീണാലുക്കൽ താഴേക്കാട്ട്പടിയിൽ വയലിനോടു ചേർന്ന കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു കുടുംബം. ഇവർക്ക് നീന്തൽ അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൊയ്തീൻ മധുര സ്വദേശിയും സൈനബ കണ്ണൂർ സ്വദേശിയുമാണ്. പെയിന്റിംഗ് ജോലിക്കായി പറപ്പൂരിൽ വർഷങ്ങൾക്കു മുൻപ് എത്തിയതാണ് കുടുംബം. വാടകക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. മൊയ്തീന്റെ മരണത്തോടെ നിരാലംബമായ കുടുംബത്തിന് വീണാലുക്കൽ പൗരസമിതിയാണ് മൂന്നു വർഷം മുൻപ് സൗജന്യമായി വീട് വച്ചു നൽകിയത്. വീട്ടുജോലി ചെയ്താണ് സൈനബ കുടുംബം പോറ്റുന്നത്. പറപ്പൂർ ഐ.യു എച്ച്.എസ്.എസിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് ഫാത്തിമ ഫർസീല. ഇവരുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.