അക്ഷരത്തെറ്റിന് വോട്ടർമാരുടെ ഹിയറിംഗ് ശിക്ഷ
തിരുവനന്തപുരം; വോട്ടർ പട്ടികയിലെ അക്ഷരത്തെറ്റുകളുടെയും അച്ചടിപ്പിശകിന്റെയും പേരിൽ വോട്ടർമാരെ നോട്ടീസ് നൽകി ഹിയറിംഗിന് വിളിച്ചു വരുത്തി ശിക്ഷിക്കുന്നത് ശരിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി.ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓരോ ജില്ലയിലും രണ്ടു ലക്ഷത്തോളം പേർക്കാണ് ഇത്തരം മെസേജ് ലഭിച്ചിട്ടുള്ളത്. ഹിയറിംഗിന് ഹാജരായില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്നതാണ് സ്ഥിതി. വോട്ടർ പട്ടികയിൽ പുരുഷനെ സ്ത്രീയെന്നോ , സ്ത്രീയെ പുരുഷനെന്നോ തെറ്റായി രേഖപ്പെടുത്തിയാലും മക്കളുടെയും മാതാപിതാക്കളുടെയും പ്രായത്തിൽ അൻപത് വയസിന്റെ വ്യത്യാസം കണ്ടാലും അവരെ ഹിയറിംഗിന് വിളിച്ചുവരുത്തുകയാണ്. ഇത്തരം കാര്യങ്ങൾ ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ടെത്തി പരിശോധിച്ച് തിരുത്തുകയാണ് വേണ്ടത്. ഇലക്ടറൽ റെജിസ്ട്രഷൻ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ തിരുത്താനാകൂ എന്ന നിലപാടാണ് പ്രതിസന്ധിയാകുന്നത്. ഇത്തരം ചെറിയ തെറ്റുകൾ തിരുത്താൻ ബി.എൽ.ഒ മാർക്ക് അധികാരം നൽകണം. അല്ലാത്ത പക്ഷം മാപ്പിംഗ് നടത്താനാകാത്തടക്കം 65 ലക്ഷം വോട്ടർമാർ പട്ടികയിൽ നിന്നും പുറത്താകും.2002 ന് ശേഷമുള്ള പല തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവർക്കാണ് ഇങ്ങനെ നോട്ടീസ് അയച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം കത്ത് നൽകിയതായും ജയരാജൻ പറഞ്ഞു.