അഖിലേന്ത്യാ ഫോട്ടോ പ്രദർശനത്തിന് ന്യൂഡൽഹിയിൽ തുടക്കം
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷൻ 'ലെൻസ്കേപ്പ് കേരള'യ്ക്ക് ജനുവരി 20ന് ന്യൂഡൽഹിയിൽ തുടക്കമാകും.രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദർശനം ന്യൂഡൽഹി ട്രാവൻകൂർ പാലസ് ആർട്ട് ഗാലറിയിൽ ജനുവരി 20ന് വൈകിട്ട് 4.30ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 10 പ്രമുഖ ട്രാവൽ മീഡിയ ഫോട്ടോഗ്രാഫർമാരായ ഐശ്വര്യ ശ്രീധർ,അമിത് പശ്രിച്ച,എച്ച്.സതീഷ്, കൗന്തേയ സിൻഹ, മനോജ് അറോറ,നടാഷ കർത്താർ ഹേംരജനി,സൈബാൽ ദാസ്, സൗരഭ് ചാറ്റർജി,ശിവാങ് മേത്ത,ഉമേഷ് ഗോഗ്ന എന്നിവരുടെ 100 ചിത്രങ്ങളാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ന്യൂഡൽഹിയിൽ മൂന്ന് ദിവസം നീളുന്ന പ്രദർശനം മാർച്ച് 31ന് സൂറത്തിൽ സമാപിക്കും.
പ്രമുഖ ആർട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദർശന ക്യൂറേറ്റർ.പ്രശസ്ത വന്യജീവി സംരക്ഷണ ഫോട്ടോഗ്രാഫർ ബാലൻ മാധവനാണ് ഫോട്ടോഗ്രാഫി ഡയറക്ടർ.കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും അടയാളപ്പെടുത്തുന്നതാണ് രാജ്യമെമ്പാടുമായി നടത്തുന്ന ലെൻസ്കേപ്പ് കേരള എക്സിബിഷനെന്ന് മന്ത്റി റിയാസ് പറഞ്ഞു. കഴിഞ്ഞ നവംബർ,ഡിസംബർ മാസങ്ങളിലായി ഫോട്ടോഗ്രാഫർമാർ കേരളം സന്ദർശിച്ച് എടുത്ത ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.