* അദ്വൈതാശ്രമം സംരക്ഷണസമിതി രൂപീകരിച്ചു * ആശ്രമ ഭൂമി കൈവശപ്പെടുത്താൻ ആരും ശ്രമിക്കരുത്: ജസ്റ്റിസ് ഗോപിനാഥൻ
ആലുവ: സന്ന്യാസസമൂഹം ധർമ്മ സംരക്ഷണത്തിനായി നിലകൊള്ളുമ്പോൾ പൊതുജനം അവർക്ക് പിന്തുണ നൽകി ഒപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പറഞ്ഞു. ആലുവ അദ്വൈതാശ്രമം സംരക്ഷണ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അലുവ നഗരസഭയും അദ്വൈതാശ്രമത്തോടൊപ്പമാണ് നിൽക്കേണ്ടത്. ആശ്രമഭൂമി ആരും കൈവശപ്പെടുത്താൻ ശ്രമിക്കരുത്. അദ്വൈതാശ്രമം എല്ലാവർക്കും വേണ്ടിയാണ് നിലനിൽക്കുന്നത്. ആശ്രമം എല്ലാവരുടെയും സ്വന്തമാണെന്നും ജസ്റ്റിസ് ഗോപിനാഥൻ പറഞ്ഞു.
ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അദ്ധ്യക്ഷനായി. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, ശ്രീനാരായണ സേവാ സംഘം സെക്രട്ടറി പി.പി. രാജൻ, ആലുവ നഗരസഭ പ്രതിപക്ഷ നേതാവ് ശ്യാം പത്മനാഭൻ, കൗൺസിലർമാരായ പി.ആർ. രാജേഷ്, ശ്രീലത രാധാകൃഷ്ണൻ, പി.എസ്. പ്രീത, ധനലക്ഷ്മി ആനന്ദ്, ശിവസേന സംസ്ഥാന സെക്രട്ടറി ടി.ആർ. ദേവൻ, ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, ജില്ലാ വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സോമശേഖരൻ കല്ലിങ്കൽ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി വേണു നെടുവന്നൂർ എന്നിവർ സംസാരിച്ചു.
അദ്വൈതാശ്രമം സംരക്ഷണസമിതി മുഖ്യരക്ഷാധികാരിയായി എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമനെ മുഖ്യരക്ഷാധികാരിയായി തിരഞ്ഞെടുത്തു. വി. സന്തോഷ് ബാബു (ചെയർമാൻ), ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് എ.എസ്. മധു (ജനറൽ കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.