എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ സി.പി.എം മുൻ എം.എൽ.എ
തിരുവനന്തപുരം: മൂന്നു തവണ ദേവികുളം എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന എസ്.രാജേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സി.പി.എമ്മിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും തുടർന്നുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ചിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമായതിനാലാണ് രാജീവ് ചന്ദ്രശേഖറിനെ സമീപിച്ചത്. അദ്ദേഹം ഇക്കാര്യങ്ങളിൽ ഉറപ്പുനൽകി. രാഷ്ട്രീയമായ ഇടപെടലുണ്ടാകുമെന്ന് പറഞ്ഞതിനെ തുടർന്നാണ് രാഷ്ട്രീയ മാറ്റം. ആരേയും പ്രസ്ഥാനങ്ങളിൽ നിന്നോമറ്റോ അടർത്തി കൊണ്ടുവരണമെന്ന ആഗ്രഹമില്ല. പ്രതീക്ഷയോടെയാണ് ബി.ജെ.പിയിലെത്തുന്നത്. അതിനാൽ ഇപ്പോൾ പൂർണമായി ബി.ജെ.പിയിലാണെന്ന് പറയാനാകില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
2006, 2011, 2016 കാലയളവിൽ ദേവികുളം എം.എൽ.എയായിരുന്നു രാജേന്ദ്രൻ. ചിന്നക്കനാൽ മുൻ പഞ്ചായത്ത് പ്രസിഡന്റും ദേവികുളം ബ്ലോക്ക് പ്രസിഡന്റുമായിരുന്ന സി.പി.ഐ നേതാവ് ഗുരുനാഥൻ, കെ.പി.എം.എസ് യുവജന വിഭാഗം സംസ്ഥാന അദ്ധ്യക്ഷനും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സന്തോഷ്, തിരുവനന്തപുരത്തെ ടെക്നോക്രാറ്റ് ദീപുരാജ് എന്നിവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, അഡ്വ.എസ്.സുരേഷ്, അഡ്വ.ഷോൺ ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
'പലതും സഹിച്ചു'
ദീർഘകാലം രാഷ്ട്രീയ പ്രവർത്തകനായിരുന്ന താൻ കഴിഞ്ഞ നാലഞ്ചു വർഷമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നില്ലെന്ന് എസ്.രാജേന്ദ്രൻ. എന്നാൽ, പൊതുരംഗത്ത് ഉണ്ടായിരുന്നു. ദേവികുളം എം.എൽ.എ എ.രാജയ്ക്ക് എതിരായി പ്രവർത്തിച്ചെന്ന പേരിൽ തനിക്കെതിരെ പാർട്ടി നടപടി എടുത്തു. എന്നാൽ, സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ ഉൾപ്പെടെ തനിക്കെതിരെ ഒരു ആരോപണവും ഉയർന്നിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചു. വാതിൽ തുറന്നിട്ടുണ്ട് എപ്പോൾ വേണമെങ്കിലും പോകാമെന്ന വാചകങ്ങൾ ആയിരുന്നു പലരുടെയും മറുപടി. വിശ്വസിച്ച രാഷ്ട്രീയത്തെ കഴിഞ്ഞദിവസംവരെ ചതിക്കുകയോ അതിനെതിരെ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.