പഞ്ചായത്തിന്റെ മത്സ്യക്കെട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി
Monday 19 January 2026 1:11 AM IST
കൊച്ചി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെ കല്ലഞ്ചേരി മത്സ്യക്കെട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വിഷം കലക്കിയത് മൂലമെന്ന് സംശയം. ഇന്നലെ പുലർച്ചെ 5നാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. എട്ട് ഏക്കറോളം വിസ്തീർണമുള്ള കല്ലഞ്ചേരി ഫിഷ് പോണ്ട് ഒരു വർഷം മുമ്പാണ് കണ്ടകടവ് സ്വദേശിക്ക് എട്ടര ലക്ഷം രൂപക്ക് കരാറിന് നൽകിയത്. 4 ലക്ഷത്തോളം കാര ചെമ്മീൻ കുഞ്ഞുങ്ങളെ അടുത്തിടെയാണ് കരാറുകാരൻ നിക്ഷേപിച്ചത്.
സാമുഹ്യ വിരുദ്ധർ വിഷം കലക്കിയതാകാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി പറഞ്ഞു. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് കൊണ്ടു പോയി.