രാഹുൽ ഗാന്ധി എത്തും: മഹാപഞ്ചായത്ത് ഇന്ന്
കൊച്ചി: രാഹുൽ ഗാന്ധി പങ്കെടുക്കുന്ന മഹാ പഞ്ചായത്തിന് കൊച്ചി ഒരുങ്ങി. തദ്ദേശ സ്ഥാപനങ്ങളിൽ വിജയിച്ച 15,000 കോൺഗ്രസ് ജനപ്രതിനിധികളാണ് കെ.പി.സി.സി സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്.
ഉച്ചയ്‌ക്ക് 12.45ന് നെടുമ്പാശേരിയിലെത്തുന്ന രാഹുൽഗാന്ധി തൃക്കാക്കരയിൽ ഡോ.എം. ലീലാവതിയുടെ വസതിയിലെത്തും. കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രിയദർശിനി പുരസ്‌കാരം ലീലാവതിക്ക് നൽകും.
എറണാകുളം മറൈൻഡ്രൈവിലെ മഹാപഞ്ചായത്ത് സമ്മേളനനഗരിയിൽ ഉച്ചയ്ക്ക് രണ്ടിന് എത്തിച്ചേരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, സച്ചിൻ പൈലറ്റ്, പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, കനയ്യകുമാർ, കർണാടക ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
സമ്മേളനനഗരിയിലെ ഒരുക്കങ്ങൾ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വിലയിരുത്തി. രാവിലെ 11 മുതൽ വിവിധ ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികൾ സമ്മേളന നഗരിയിലെത്തിത്തുടങ്ങും. വടക്കൻ ജില്ലകളിൽ നിന്നെത്തുന്നവർ കളമശേരിയിൽ നിന്ന് കണ്ടെയ്‌നർ റോഡിലൂടെ ബോൾഗാട്ടി പാലസ് ഗ്രൗണ്ട്, ആൽഫാ ഹൊറൈസൺ കൺവെൻഷൻ സെന്റർ, വല്ലാർപാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ളവർ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിൽ നിന്നുള്ളവർ വില്ലിംഗ്ടൺ ഐലൻഡിലും ബിഒ.ടി പാലത്തിന് സമീപവും പാർക്ക് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.