ഐ.എച്ച്.ആർ.ഡി എ.ഐ കോൺക്ലേവിന് സമാപനം 

Monday 19 January 2026 1:14 AM IST

തിരുവനന്തപുരം: മൂന്ന് ദിവസങ്ങളായി തലസ്ഥാനത്ത് സംഘടിപ്പിച്ച ഐ.എച്ച്.ആർ.ഡി എ.ഐ കോൺക്ലേവിന്റെ സമാപന സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ, എസ്. എൻ. ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി. പി., കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, കോൺക്ലേവ് കൺവീനർ ഡോ. ആർ. വി. രാജേഷ് എന്നിവർ സംസാരിച്ചു.

“നിർമ്മിത ബുദ്ധിയും ജുഡിഷ്യറിയും” എന്ന പൊതുചർച്ചയിൽ, ജുഡിഷ്യറി പോലുള്ള അതീവ സൂക്ഷ്മമായ മേഖലയിൽ നിർമ്മിത ബുദ്ധി വിവേചനപരമായും ഉത്തരവാദിത്വബോധത്തോടെയും മാത്രമേ ഉപയോഗിക്കാനാകൂവെന്ന് ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ പറഞ്ഞു.

നിയമ സെക്രട്ടറി കെ. ജി. സനൽ കുമാർ, നടിയും ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സണുമായ കുക്കു പരമേശ്വരൻ, നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, പ്രശസ്ത ഐ വിഷ്വലൈസറും ആർട്ടിസ്റ്റുമായ യുഹാബ് ഇസ്മായിൽ, യുവസംവിധായകനും തിരക്കഥാകൃത്തുമായ അപ്പു എൻ. ഭട്ടതിരി, തിരക്കഥാകൃത്തും അപ്ലൈഡ് സയൻസ് പ്രിൻസിപ്പലുമായ ദീദി ദാമോദരൻ എന്നിവർ പങ്കെടുത്തു.

കോൺക്ലേവിന്റെ ഭാഗമായി “എ.ഐസമസ്യ 2026” എന്ന പേരിൽ 24 മണിക്കൂർ ദൈർഘ്യമുള്ള ഹാക്കത്തൺ സംഘടിപ്പിച്ചു. രജിസ്റ്റർ ചെയ്ത 75 ടീമുകളിൽ നിന്ന് പ്രാഥമിക സെലക്ഷൻ നടപടികളിലൂടെ തിരഞ്ഞെടുത്ത 30 ടീമുകളാണ് ഹാക്കത്തണിൽ പങ്കെടുത്തത്. സംസ്ഥാനതല എ.ഐ ക്വിസ് മത്സരത്തിൽ സ്കൂൾ തലത്തിലെ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.