തീറ്റപ്പുല്ല് ക്ഷാമം രൂക്ഷം; ക്ഷീര കർഷകർ പ്രതിസന്ധിയിൽ
മലപ്പുറം: തീറ്റപ്പുല്ലിന് ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. വേനലിന്റെ ആരംഭത്തിലേ ഇതാണ് സ്ഥിതിയെങ്കിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയിലാണ് ക്ഷീര കർഷകർ. ഒരു ലിറ്റർ പാലിന് സൊസൈറ്റികളിൽ നിന്ന് ലഭിക്കുന്നത് 42 രൂപയാണ്. എന്നാൽ, ഒരു ലിറ്റർ പാൽ ഉല്പാദിപ്പിക്കാൻ 60 രൂപയ്ക്ക് മുകളിൽ ചെലവ് വരുമെന്നാണ് ക്ഷീര കർഷകർ പറയുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്പോൾ കച്ചിയാണ് വേനൽക്കാലത്ത് കന്നുകാലികൾക്ക് കൊടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില കൊടുത്ത് കച്ചി വാങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. തമിഴ‌്‌നാട്ടിൽ നിന്നാണ് പ്രധാനമായും കച്ചി ഇറക്കുമതി ചെയ്യുന്നത്.
50 കിലോ വരുന്ന കാലിത്തീറ്റ ബാഗിന് 1,550 രൂപയാണ് വില. മാത്രമല്ല, പശുക്കൾക്കുള്ള അകിട് വീക്കം, കാത്സ്യം എന്നിവയുടെ മരുന്ന് വിലയും ഉയർന്നിട്ടുണ്ട്. ചൂട് കനത്താൽ പശുക്കളുടെ പ്രതിരോധ ശേഷി കുറയുകയും ചെയ്യും. വേനലിന് ശക്തിയേറുമ്പോൾ തീറ്റയും വെള്ളവും പ്രതിസന്ധിയിലാവുമെന്ന ഭീതിയും ക്ഷീര കർഷകർക്കുണ്ട്. ചൂട് കനത്താൽ 15 ലിറ്റർ പാൽ തരുന്ന പശുവിൽ നിന്ന് ഏകദേശം 13 ലിറ്റർ വരെ മാത്രമേ ലഭിക്കൂ. നിലവിൽ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് അത്യുത്പാദന ശേഷിയുള്ള കന്നുകാലികളെ കൊണ്ടുവരുന്നത്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ചെലവ്. എന്നാൽ തുടർചികിത്സയും സൗകര്യങ്ങളും ലഭിക്കാത്തതിനാൽ പരിപാലിക്കാൻ ബുദ്ധിമുട്ടേറെയാണ്. പാലിന് സംഭരണവില ഉയർത്തുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ക്ഷീരമേഖലയിലെ എല്ലാ സംഘടനകളും ഒരുമിച്ച് ഒട്ടേറെ സമരങ്ങൾ നടത്തുകയും അധികൃതർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്‌തെങ്കിലും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല.
ഉത്പാദന ചെലവിനനുസരിച്ച് വില ലഭിക്കാത്തത് കൊണ്ട് പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. ചൂട് വരും മാസങ്ങളിൽ വർദ്ധിക്കുന്നതോടെ പാൽ ലഭ്യത കുറയുമെന്ന ആശങ്കയുണ്ട്.
മനോജ് കുമാർ, ക്ഷീര കർഷകൻ