കൃത്രിമമായ കോഴി വില വർദ്ധനവ് തടയണം: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

Monday 19 January 2026 2:37 AM IST

മലപ്പുറം: തമിഴ്‌നാട്ടെ വൻകിട ഫാമുകളുടെ ഇടപെടലിനെ തുടർന്ന് ഉയർന്ന കോഴി വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൃത്രിമമായ വില വർദ്ധനവിനെ തുടർന്ന് ഹോട്ടലുകളിൽ കോഴി വിഭവങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യമാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കും. സർക്കാർ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കണമെന്നും ആനുകൂല്യങ്ങൾ നൽകി ഹോട്ടൽ മേഖലയെ സംരക്ഷിക്കണമെന്നും ഭാരവാഹികളായ സി.എച്ച്. സമദ്, കെ.ടി. രഘു, എം.മൊയ്തീൻകുട്ടി ഹാജി, പി.പി.അബ്ദുറഹ്മാൻ, ബഷീർ റോളക്സ്, മാനു അറഫ അറിയിച്ചു.