പൊന്നാനിയിൽ കപ്പൽ നിർമാണശാല വരുന്നു: ടെൻഡർ നടപടികൾ പൂർത്തിയായി

Monday 19 January 2026 2:38 AM IST

മലപ്പുറം: മലബാറിന്റെ വികസനക്കുതിപ്പിന് കരുത്ത് പകർന്ന് പൊന്നാനി തുറമുഖത്ത് വൻകിട കപ്പൽ നിർമ്മാണശാല വരുന്നു. കേരള മാരി ടൈം ബോർഡിന്റെ അധീനതയിൽ പൊന്നാനി ഫിഷിംങ് ഹാർബറിന് പടിഞ്ഞാറായി കടലോരത്തുള്ള 29 ഏക്കറോളം ഭൂമിയിലാണ് കപ്പൽ നിർമ്മാണശാല വരുന്നത്. പൊതു സ്വകാര്യപങ്കാളിത്തത്തോടെയാണ് കൊച്ചി കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ കപ്പൽശാല പൊന്നാനിയിൽ യാഥാർത്ഥ്യമാവുന്നത്. കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ട്രെയിനിങ് സ്ഥാപനവും ആരംഭിക്കും. കപ്പൽ യാർഡ് തുടങ്ങുന്നതിന് പിന്നാലെ ചരക്ക് നീക്കവും ആരംഭിക്കും. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പുവയ്ക്കൽ നടപടികളിലേക്ക് കടക്കും. ആദ്യമായി ചെറുകിട കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുക. ഇതിന്റെ ഭാഗമായി അഴിമുഖത്ത് വാർഫും നിർമ്മിക്കും. പുലിമുട്ടിനോട് ചേർന്ന് പഴയ ജങ്കാർ ജെട്ടിക്ക് സമീപത്താണ് വാർഫ് നിർമ്മിക്കുക. ആദ്യഘട്ടത്തിൽ 200 കോടിയോളം രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തിൽ വലിയ കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏഴ്

രണ്ടാമത്തെ വലിയ നിർമ്മാണ കേന്ദ്രമാക്കും

മുതൽ 10 വർഷത്തിനിടയിൽ 1000 കോടിയോളം രൂപ നിക്ഷേപിച്ച് വലിയ കപ്പലുകൾ നിർമ്മിച്ച് കൊച്ചി കഴിഞ്ഞാൽ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാലയാക്കി പൊന്നാനിയെ മാറ്റുകയാണ് ലക്ഷ്യം.

കപ്പൽ നിർമ്മാണശാല വരുന്നതോടെ 1000ത്തോളം പേർക്ക് പുതിയ തൊഴിലവസരങ്ങളും ലഭിക്കും.

കപ്പൽ നിർമാണ ശാലയ്ക്ക് കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന മീൻ ചാപ്പകൾക്ക് ഹാർബറിന്റെ കിഴക്കുഭാഗത്ത് സൗകര്യം ഒരുക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

കപ്പൽ നിർമ്മാണശാല പൊന്നാനിയുടെ വികസന രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് കാരണമാകും. പദ്ധതിക്ക് തദ്ദേശീയമായ സഹകരണം ഉറപ്പാക്കാൻ എല്ലാവരും മുന്നോട്ടു വരണം

പി.നന്ദകുമാർ എം.എൽ.എ