കടുവാ ഭീതിയിൽ വീണ്ടും മലയോരം: തൊഴിലാളികൾ ആശങ്കയിൽ

Monday 19 January 2026 2:44 AM IST

കാളികാവ് : കടുവാ ഭീതിയിൽ വീണ്ടും മലയോരം. തൊഴിലാളികൾ വീണ്ടും ആശങ്കയിൽ. അടക്കാക്കുണ്ട് എഴുപതേക്കർ, മാഞ്ചോല, കരുവാരകുണ്ട് പാന്തറ എന്നിവിടങ്ങളിലാണ് വെള്ളി,​ശനി ദിവസങ്ങളിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നത്. മാഞ്ചോല ഭാഗത്ത് കടുവ റോഡിൽ കിടക്കുന്നത് കണ്ടതായി തൊഴിലാളികൾ പറഞ്ഞു.

പാന്തറയിലെ ജനവാസ കേന്ദ്രത്തിൽ വീടുകൾക്കിടയിലൂടെ കടുവ പന്നിയെ പിടിച്ച് ഓടിയതായും നാട്ടുകാർ പറഞ്ഞു.

പാന്തറയിൽ രണ്ടാഴ്ച മുമ്പ് കടുവയെ കണ്ടതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു.

എഴുപതേക്കറയിൽ കടുവയെ കുടുക്കുന്നതിന് മാസങ്ങളോളം കെണി സ്ഥാപിച്ചെങ്കിലും പിടികൂടാനായിട്ടില്ല.

യാതൊരു സുരക്ഷയുമില്ലാതെ ജോലി ചെയ്യുന്ന എസ്റ്റേറ്റ് തൊഴിലാളികൾ ഇനിയും ജീവൻ ബലി കൊടുക്കേണ്ടിവരുമോ എന്ന ഭീതിയിലാണ് മലയോരം. പുല്ലങ്കോട് എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്ലും ഇടക്കിടെ കടുവയെ തൊഴിലാളികൾ കാണുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പുല്ലങ്കോട്,അടക്കാക്കുണ്ട്,പാന്തറ ഭാഗങ്ങളിൽ നിന്നായി വളർത്തു മൃഗങ്ങളും കാട്ടു പന്നികളുമായി നൂറിലേറെ ജീവികളെ കടുവ പിടിച്ചിട്ടുണ്ട്.

നേരത്തെ ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊന്നതിനു ശേഷം കടുത്ത ഭീതിയിലാണ് ഈ മേഖലകളിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഒന്നിലേറെ കടുവകൾ ഈ മേഖലയിൽ സഞ്ചരിക്കുന്നതായാണ് വിലയിരുത്തൽ.

രണ്ടു മാസം മുമ്പ് എഴുപതേക്കറിൽ പശുവിനെ കടുവ കൊന്നു തിന്നതോടെ കടുത്ത ജനരോശമുയർന്നിരുന്നു.

പുല്ലങ്കോട് എസ്റ്റേറ്റിന്റെ പല ഭാഗത്തും പന്നിയടക്കമുള്ള ജീവികളെ ഒട്ടേറെ കടുവ കൊന്നു തിന്നിട്ടുണ്ട്.

ഇതേ തുടർന്നു പല തൊഴിലാളികളും ജോലിക്ക് വരാൻ മടിക്കുകയാണ്. കടുവയെ കണ്ടതായി പറയുന്ന ഭാഗങ്ങളിൽ വനം വകുപ്പ് പരിശോധന നടത്തുകയും രാത്രി കാല പേട്രോളിംഗ് ഏർപ്പെടുത്തിയതായും കടുവയെ കണ്ടാൽ അപ്പോൾ തന്നെ വിവരമറിയിക്കാനും നിർദ്ദേശിച്ചതായി കാളികാവ് റെയിഞ്ചർ പി.രാജീവ് കൗമുദിയോട് പറഞ്ഞു.