അൽകാരസ്, സബലേങ്ക മുന്നോട്ട്: വീനസ് വീണു

Monday 19 January 2026 4:50 AM IST

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിലെ ആദ്യ ദിനത്തിലെ ആദ്യ റൗണ്ട് പോരാട്ടങ്ങളിൽ സൂപ്പർ താരങ്ങളായ കാർലോസ് അൽകാരസ്, അലക്‌സാണ്ടർ സ്വരേവ്,അരീന സബലേങ്ക തുടങ്ങിയവരെല്ലാം ജയിച്ചു കയറി. അതേസമയം 45-ാം വയസിൽ ഓസ്ട്രേലിയൻ ഓപ്പണിൽ തിരിച്ചെത്തിയ വീനസ് വില്യംസ് പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ആദ്യ റൗണ്ടിൽ വീണു.

പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസ് ഓസ്‌ട്രേലിയയുടെ നേരിട്ട സെറ്റുകളിൽ ( 6-3,7 -6, 6 -2) മറികടന്നാണ് രണ്ടാം റൗണ്ടിൽ എത്തിയത്. കഴിഞ്ഞതവണത്തെ റണ്ണറപ്പായ ജർമ്മനിയുടെ അല‌ക്‌സാണ്ടർ സ്വരേവ് കനേഡിയൻ താരം ഗബ്രേയേൽ ഡിയാലോയുടെ വെല്ലുവിളി മറികടന്നാണ് ഒന്നാം റൗണ്ട് കടന്നത്. ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമായിരുന്നു അടുത്ത മൂന്ന് സെറ്റുകൾ നേടി സ്വരേവിന്റെ ജയം. സ്കോർ: 6-7,6-1,6-4,6-2.

കാമറൂൺ നോറി,ഫ്രാൻസിസ് തിയോഫ് തുടങ്ങിയവരും ജയിച്ചു.

വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ബെലറൂസ് സെൻസേഷൻ അരിന സബലേങ്ക ഫ്രഞ്ച് താരം ടിയാന്റോസ സാറ റാക്കോറ്റമാങ്കയെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് രണ്ടാം റൗണ്ട് ഉറപ്പിച്ചത്. സ്കോർ: 6-4,​ 6-1.ജാസ്‌മിൻ പാവോലിനി,​ അനസ്‌താസിയ പൗലച്ചെങ്കോ,​ എമ്മ റാഡുകാനു,​ എലിന സ്വിറ്റോലിന,​മരിയ സക്കാരി എന്നിവരും രണ്ടാം റൗണ്ടുറപ്പിച്ചു.

അതേസമയം ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏറ്റവും പ്രായമേറിയ വനിതാ താരമെന്ന ചരിത്ര നേട്ടം കുറിച്ച യു.എസ് ഇതിഹാസം വീനസ് വില്യംസ് പക്ഷേ കടുത്ത പോരാട്ടത്തിനൊടുവിൽ സെർബിയൻ താരം ഓൾഗ ഡാനിലോവിച്ചിനോട് തോറ്റ് പുറത്തായി. ആദ്യ സെറ്റ് 7-6ന് സ്വന്തമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് സെറ്റുകൾ 3-6,​4-6ന് കൈവിട്ട് വീനസ് തോൽവി വഴങ്ങിയത്. അവസാന സെറ്റിൽ തുടക്കത്തിൽ 4-0ത്തിന് മുന്നിലായിരുന്ന വീനസിനെ പക്ഷേ പതറാതെ പോരാടിയ 24കാരിയായ ഓൾഗ തകർപ്പൻ തിരിച്ചുവരവ് നടത്തിയ കീഴടക്കുകയായിരുന്നു.

അട്ടിമറി

185-ാം റാങ്കുകാരനായ ബ്രിട്ടീഷ് ക്വാളിഫയർ ആർതുർ ഫെറി ഇരുപതാം സീഡ് ഇറ്റലിയുടെ ഫ്ലാവിയോ കൊബോലിയെ തോൽപ്പിച്ചതായിരുന്നു ഇന്നലത്തെ പ്രധാന അട്ടിമറി. 7-6,​6-4,​6-1.

ഫെയർപ്ലേ

മത്സരം നടന്നു കൊണ്ടിരിക്കെ കുഴഞ്ഞ് വീ‍ണ ബോൾ ഗേളിനെ ശുശ്രൂഷിക്കാൻ ഓടിയെത്തിയ തുർക്കിയുടെ സ്വെയിനപ് സോൻമെസ് ലോകത്തിന്റെ കൈയടി നേടി. ഉയർന്ന താപനിലയാണ് ബോൾ ഗേൾ കുഴഞ്ഞുവീഴാനുള്ല കാരണമെന്നാണ് അറിയുന്നത്. മത്സരത്തിൽ സ്വെയിനപ്പ് റഷ്യൻ താരം എകതറിന അലക്‌സാണ്ട്രോവയെ കീഴടക്കി രണ്ടാം റൗണ്ടിലെത്തി. സ്കോർ: 7-5,​4-6,​6-4.