കിവി കൊത്തിപ്പോയി

Monday 19 January 2026 7:44 AM IST

ഇൻഡോർ: മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 41 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡിന് ചരിത്ര പരമ്പര നേട്ടം. പതിവുപോലെ റൺസ് ഒഴുകിയ ഇൻഡോറിലെ ഹോൾക്കർ മൈതാനത്ത് ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡ് ഡാരിൽ മിച്ചലിന്റെയും (131 പന്തിൽ 137)​,​ ഗ്ലെൻ ഫിലിപ്പ്സിന്റെയും (88 പന്തിൽ 106)​ സെഞ്ച്വറികളുടെ പിൻബലത്തിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 337 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ സെഞ്ച്വറി നേടിയ വിരാട് കൊഹ്‌ലിയുടേയും (108 പന്തിൽ 124)​,​ അർദ്ധ സെഞ്ച്വറി കുറിച്ച ഹർഷിത് റാണയുടേയും (43 പന്തിൽ 52)​,​നിതീഷ് കുമാറിന്റെയും (53)​ നേതൃത്വത്തിൽ പൊരുതി നോക്കിയെങ്കിലും 46 ഓവറിൽ 296 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ മണ്ണിൽ ന്യൂസിലാൻഡിന്റെ ആദ്യ ഏകദിന പരമ്പര നേട്ടമാണിത്.

പൊരുതിയത് വിരാടും നിതീഷും

ഹർഷിതും മാത്രം

ന്യൂസിലാൻഡ് ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വിരാട് കൊഹ്‌ലിയ്ക്കും ഹർഷിതും നിതീഷും ഒഴികയുള്ളവർക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.

. രോഹിത് ശർമ്മ (11)​,​ക്യാപ്‌ടൻ ശുഭ്‌മാൻ ഗിൽ (23)​,​ ശ്രേയസ് അയ്യർ (3)​ കെ.എൽ രാഹുൽ (1)​,​ രവീന്ദ്ര ജഡേജ (12)​ ‍എന്നിവർ നിരാശപ്പെടുത്തി. അഞ്ചാം വിക്കറ്റിൽ കൊഹ്‌ലി നിതീഷിനൊപ്പം 88 പന്തിൽ 88 റൺസിന്റെയും 7-ാം വിക്കറ്റിൽ ഹർഷിതിനൊപ്പം 69 പന്തിൽ 99 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും കൃത്യസമയത്ത് വിക്കറ്റ് വീഴ്‌ത്തി ന്യസിലാൻഡ് ജയമുറപ്പിക്കുകയായിരുന്നു. 10 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് കൊഹ്‌ലിയുടെ ഏകദിന കരിയറിലെ 54-ാം സെഞ്ച്വറി ഇന്നിംഗ്‌സ്.46-ാം ഓവറിൽ കൊഹ്‌ലിയെ ക്രിസ് ക്ലാർക്ക് ഡാരിൽ മിച്ചലിന്റെ കൈയിൽ എത്തിച്ചതോടെ കിവീസ് ജയമുറപ്പിച്ചു.

സിറാജ് ഗോൾഡൻ ഡക്കായി. 5 റൺസെടുത്ത കുൽദീപിനെ ഫിലിപ്പ്സ് റണ്ണൗട്ടാക്കി. അർഷ്ദീപ് 4 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ഫൗൾക്ക്‌സും ക്ലാർക്കും 3 വിക്കറ്റ് വീതം വീഴ്‌ത്തി.

വീണ്ടും മിച്ചൽ

ഗ്ലെൻ ദ ഗ്രേറ്റ്

ടോസ് നടിയ ഇന്ത്യ ന്യൂസിലാൻഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടൂർണമെന്റിൽ ആദ്യമായി അവസരം ലഭിച്ച അർഷ്‌ദീപ് ആദ്യ ഓവറിൽ തന്നെ കിവി ഓപ്പണർ ഹെൻറി നിക്കോളാസിനെ ഗോൾഡൻ ഡക്കാക്കി കുറ്റി തെറിപ്പിച്ച് ‍ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. അടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ ഡെവോൺ കോൺവേയെ (5)​ ഹർഷിത് റാണ സ്ലിപ്പിൽ രോഹിത് ശർമ്മയുടെ കൈയിൽ എത്തിച്ചതോടെ 5/2 എന്ന നിലയിലായിലായി ന്യൂസിലാൻഡ്. തുടർന്ന് വിൽ യംഗും (30)​ ഡാരിൽ മിച്ചലും (137)​ പ്രശ്നങ്ങളില്ലാതെ ടീം സ്കോർ 50 കടത്തി. രണ്ടാം ഏകദിനത്തിലെപ്പോലെ ഈ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് തലവേദനയായിക്കൊണ്ടിരിക്കുമ്പോൾ 13-ാം ഓവറിൽ ഹർഷിത് റാണയെ തിരികെ വിളിച്ച ക്യാപടൻ ഗില്ലിന്റെ തീരുമാനം ഫലിച്ചു. ആദ്യപന്തിൽ തന്നെ യംഗിനെ പുറത്താക്കി ഹർഷിത് കൂട്ടുകെട്ട് പൊളിച്ചു. പോയിന്റിൽ ജഡേജയെടുത്ത ഡൈവിംഗ് ക്യാച്ചും മനോഹരമായിരുന്നു.

എന്നാൽ തുടർന്ന് ക്രീസലെത്തിയ ഗ്ലെൻ ഫിലിപ്പ്‌സിനൊപ്പം മിച്ചൽ ഒരിക്കൽക്കൂടി ഇന്ത്യൻ ശുഭപ്രതീക്ഷകളെ തല്ലിക്കെടുത്തി. ഇന്ത്യൻ ബൗളിംഗിനെ സമർത്ഥമായി നേരിട്ട ഇരുവരും റൺറേറ്റ് താഴാതെ ന്യൂസിലാൻഡിനെ 250ഉം കടത്തി മുന്നോട്ട് കൊണ്ടു പോയി. ഇതിനിടെ ഇരുവരും സെഞ്ച്വറിയും തികച്ചു. ടീം സ്കോർ 277ൽ വച്ച് ഫിലിപ്പ്‌സിനെ കീപ്പർ കെ.എൽ രാഹുലിന്റെ കൈയിൽ എത്തിച്ച് അർഷ്‌ദീപ് കൂട്ടുകെട്ട് പൊളിച്ചു. നാലാം വിക്കറ്റിൽ 188 പന്തിൽ 219 റൺസിന്റെ പാർട്ട്‌ണർഷിപ്പാണ് മിച്ചലും ഫിലിപ്പ്‌സും പടുത്തുയർത്തിയത്.

9 ഫോറും 3 സിക്‌സും ഉൾപ്പെട്ടതാണ് ഫിലിപ്പ്‌സിന്റെ ഇന്നിംഗ്‌സ്. അടുത്ത ഓവറിൽ മിച്ചലിനെ സിറാജും മടക്കി.കുൽദീപാണ് ക്യാച്ചെടുത്തത്.മിച്ചലിന്റെ ഇന്നിംഗ്‌സിൽ 15 ഫോറും 3സിക്‌സും ഉൾപ്പെടുന്നു. തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്‌ടൻ ബ്രേസ്‌വെല്ലാണ് ‍(പുറത്താകാതെ 18 പന്തിൽ 28)​ ന്യൂസിലാൻഡിനെ 337ൽ എത്തിച്ചത്. ഇന്ത്യയ്‌ക്കായി അർഷ്‌ദീപും സിറാജും 3 വിക്കറ്റ് വീതം വീഴ്‌ത്തി.

1- ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ന്യൂസിലാൻഡ് ഏകദിന പരമ്പര നേടുന്നു. 2024ൽ സ്വന്തം നാട്ടിൽ ടെസ്റ്റിൽ തോൽവി അറിയാതെയുള്ള ഇന്ത്യയുടെ കുതിപ്പിന് അവസാനമിട്ടതും ന്യൂസിലാൻഡ് അയിരുന്നു.

7- ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമായി വിരാട് കൊഹ്‌ലി. താരത്തിന്റഎ 7-ാം സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്ത്.

12,​662 റൺസ്-ഏകദിനത്തിൽ മൂന്നാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസെടുത്ത് താരമായി വിരാട് കൊഹ്‌ലി (12,​662 റൺസ്)​. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗിനെ (12,​655 റൺസ് )​ വിരാട് മറികടന്നത്.

74.1-ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും മികച്ച ബാറ്റിംഗ് ആവറേജുള്ള (മിനിമം 500 റൺസ് നേടിയവരിൽ)​ താരമാണ് ഡാരിൽ മിച്ചൽ.