'മന്ത്രിയുടെ വാക്കുകൾ വർഗീയ വിദ്വേഷമുണ്ടാക്കുന്നത്, സത്യപ്രതിജ്ഞാ ലംഘനം' സജി ചെറിയാനെതിരെ പരാതി
ചെങ്ങന്നൂർ: ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്‌ട്രീയമാണെന്നതടക്കം മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്‌താവനയിൽ പരാതി. യൂത്ത് കോൺഗ്രസ് നേതാവ് അനൂപ് വി ആർ ആണ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. ഇമെയിലായാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രിയുടെ വാക്കുകൾ വർഗീയ വിദ്വേഷമുണ്ടാക്കുന്നത് ആണെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നുമാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് മന്ത്രി ലീഗിനെതിരെ പ്രസ്‌താവന നടത്തിയത്.
കാന്തപുരം നടത്തിയ ജാഥയുടെ സമാപനത്തിൽ വി.ഡി. സതീശൻ നടത്തിയത് മതസ്പർധ വളർത്തുന്ന വിദ്വേഷ പ്രസംഗമാണെന്ന് മന്ത്രി കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരളത്തിലെ മതേതര സമൂഹം ഇത് തള്ളിക്കളയും. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എസ്.എൻ.ഡി.പി-എൻ.എസ്.എസ് സഹകരണം സി.പി.എം സോഷ്യൽ എൻജിനിയറിംഗിന്റെ ഭാഗമല്ല. സമുദായ നേതാക്കൾ നല്ല ബോധമുള്ളവരാണ്. മുഖ്യമന്ത്രി കാറിൽ കയറ്റിയെന്ന് പറഞ്ഞത് വെള്ളാപ്പള്ളിയെക്കുറിച്ചാണ്, ഷാൾ പുതപ്പിച്ചതെന്ന് പറഞ്ഞത് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെപ്പറ്റിയാണോയെന്നും മന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി പെരുന്നയിൽ പോയത് ആരോഗ്യനില മോശമായ സുകുമാരൻ നായരെ കാണാനാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ തരംതാണ പ്രസ്താവന സതീശൻ പിൻവലിക്കണമെന്നും ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്ട്രീയമാണെന്നുമാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.